പത്തനംതിട്ട : കേരളത്തിലും ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാവുകയാണ്. കോഴിക്കോട് സ്വദേശികളായ രണ്ടു യുവതികൾ നടത്തിയ തട്ടിപ്പിൽ പത്തനംതിട്ടയിലെ ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 49 ലക്ഷം രൂപയാണ്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചാണ് പത്തനംതിട്ട സ്വദേശിനിയെ കബളിപ്പിച്ചത്.
സംഭവത്തിൽ കോഴിക്കോട് സ്വദേശിനികളായ ഷാനൗസി, പ്രജിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു പത്തനംതിട്ട സ്വദേശിനിയായ യുവതിക്ക് തട്ടിപ്പുകാരുടെ ഫോൺ കോൾ വരുന്നത്. സിബിഐ ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച തട്ടിപ്പുകാർ യുവതിയിൽ നിന്നും തന്ത്രപൂർവ്വം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുക്കുകയായിരുന്നു.
ഐടി ജീവനക്കാരിയായ യുവതിയുടെ ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായാണ് തട്ടിപ്പുകാർ യുവതിയെ അറിയിച്ചത്. ഈ കാരണത്താൽ ഉടൻതന്നെ സിബിഐ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുത്ത ഇവർ ആദ്യം ചെറിയ തുകകൾ പിൻവലിക്കുകയും യുവതിയുടെ വിശ്വാസം പിടിച്ചു പറ്റാനായി സിബിഐയുടെ പേരിൽ രസീത് നൽകുകയും ചെയ്തിരുന്നു. ഒടുവിൽ ഒറ്റയടിക്ക് യുവതിയുടെ അക്കൗണ്ടിൽ നിന്നും 49 ലക്ഷം രൂപ സംഘം കൈക്കലാക്കി. ഇതോടെ സംഭവം തട്ടിപ്പാണെന്ന് മനസ്സിലായ യുവതി കോയിപ്രം പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post