തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകരുടെ പുതിയ സംഘടനയിലേക്കുള്ള ക്ഷണം നിരസിച്ച് നിർമ്മതാവും നടിയുമായ സാന്ദ്രാ തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ തന്നെ തുടരും എന്നും താരം അറിയിച്ചു. അതേസമയം ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് ഇടത് സംഘടന രൂപീകരിക്കാനായിരുന്നു ആദ്യം നീക്കം നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.
പുതിയ സംഘടന ആരംഭിച്ചതിന് പിന്നാലെ ഭാരവാഹികളിൽ നിന്നും തനിക്ക് കത്ത് ലഭിച്ചിരുന്നുവെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നുകൊണ്ട് പോരാടാനാണ് താത്പര്യപ്പെടുന്നത്. അതിനാൽ തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.
ഇന്നലെയാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് പുതിയ സംഘടന രൂപീകരിച്ചത്. പുതിയ സംസ്‌കാരം ലക്ഷ്യമിട്ടെന്ന പേരിൽ ആരംഭിച്ച സംഘടനയിൽ ഇടത് അനുകൂലികളായ നിർമ്മാതാക്കളെ മാത്രം ഉൾപ്പെടുത്താൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് ഫെഫ്കയ്ക്ക് ബദലായുള്ള തൊഴിലാളി സംഘടനയാക്കുകയായിരുന്നു. വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നാണ് പുതിയ സംഘടനയുടെ പേരെന്നാണ് നിലവിലെ വിവരം. ഈ പേരിലുള്ള തലക്കെട്ട് നൽകിയ കത്താണ് നിർമ്മാതാക്കൾക്ക് നൽകിയിട്ടുള്ളത്.
നിലവിൽ അഞ്ജലി മേനോൻ, ലിജോ ജോസ് പല്ലിശ്ശേരി എന്നിവർ ഉൾപ്പെടെ ആറ് പേരുടെ പേരാണ് അംഗങ്ങൾ എന്ന നിലയിൽ കത്തിൽ ഉള്ളത്. ഭാവിയിൽ ഫെഫ്കയോട് അതൃപ്തിയുള്ള ആളുകൾ പുതിയ സംഘടനയിലേക്ക് വരുമെന്നാണ് ആഷിഖ് അബുവും റിമ കല്ലിങ്കലിന്റെയും പ്രതീക്ഷ.
Discussion about this post