ആലപ്പുഴ : കാൻസർ ബാധിതയായി മകൾ മരിച്ചിട്ട് അധികകാലം ആയില്ല, തൊട്ടു പിന്നാലെ തന്നെ ഭാര്യക്കും മരിച്ച മകൾ കയ്യിൽ ഏൽപ്പിച്ചു പോയ പേരക്കുട്ടിക്കും ക്യാൻസർ സ്ഥിരീകരിച്ചു. ആ വിധിക്ക് മുൻപിൽ തളർന്നിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ബാങ്കിൽ നിന്നും ജപ്തി ഭീഷണി എത്തിയത്. എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന ആലപ്പുഴയിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലേക്ക് ദൈവദൂതനെപ്പോലെ എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാധ്യതയും സുരേഷ് ഗോപി ബാങ്കിൽ അടച്ചു തീർത്തു. പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പയാണ് സുരേഷ് ഗോപിയുടെ ട്രസ്റ്റിൽ നിന്നും നൽകിയത്. ഇതോടെ ഈ കുടുംബത്തിന് വലിയ വെല്ലുവിളിയായിരുന്ന ജപ്തി ഭീഷണി ഒഴിവായി.
മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ മകൾ രശ്മി നേരത്തെ ക്യാൻസർ വന്ന് മരിച്ചിരുന്നു. മകളുടെ മരണത്തോടെ രണ്ട് പേരക്കുട്ടികളുടെ ഉത്തരവാദിത്വം കൂടി രാജപ്പന്റെ ചുമലിലായി. ഇതിനിടെയാണ് രാജപ്പന്റെ ഭാര്യ മിനിക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. വിധിയിൽ തളർന്നിരിക്കുമ്പോൾ തന്നെയാണ് മരിച്ച രശ്മിയുടെ മകളായ ആരഭിയ്ക്കും ക്യാൻസർ ആണെന്ന് ഈ കുടുംബം തിരിച്ചറിഞ്ഞത്. രാജപ്പന്റെ കുടുംബത്തിന്റെ ജപ്തി ഭീഷണി ഒഴിവാക്കിയത് കൂടാതെ കുട്ടിയുടെ ചികിത്സ ചിലവുകൾക്ക് വേണ്ട സഹായങ്ങളും ചെയ്യാമെന്ന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.
Discussion about this post