ന്യൂയോർക്ക്: കടലിനുള്ളിൽ മനുഷ്യർക്കായി വാസസ്ഥലം ഒരുങ്ങുന്നു. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് എന്ന കമ്പനിയാണ് കടലിനുള്ളിൽ മനുഷ്യർക്ക് താമസിക്കുന്നതിനായുള്ള വീടുകൾ നിർമ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
കടലിന്റെ 200 മീറ്റർ താഴ്ചയിൽ ആണ് കമ്പനി വീടുകൾ ഒരുക്കുന്നത്. ഭൂമിയിലേതിന് സമാനമായ രീതിയിൽ സാധാരണ ജീവിതം നയിക്കുന്നതിനായുള്ള ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് വീടുകൾ ഒരുക്കുന്നത്. സെന്റിനൽ സിസ്റ്റം എന്നാണ് ഈ ആവാസ വ്യവസ്ഥയ്ക്ക് പേര് നൽകിയിരിക്കുന്നത്. സമുദ്രപര്യവേഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് കമ്പനിയുടെ നീക്കം. ഒരു മാസത്തോളം പര്യവേഷകർക്ക് ഇവിടെ തങ്ങാനും വിവരങ്ങൾ ശേഖരിക്കാനും കഴിയും.
ഓവൽ ഷെയ്പ്പിൽ നീളത്തിലും കുത്തനെയുമാണ് ഇത്തരം വീടുകൾ നിർമ്മിക്കുന്നത്. 6 മുതൽ 50 വരെ പേർക്ക് ഈ വീടുകൾക്കുള്ളിൽ താമസിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായി കമ്പനി വാൻഗാർഡ് എന്ന പേരിൽ ചെറിയ വീട് നിർമ്മിച്ചിരുന്നു. 12 മീറ്റർ നീളവും 7.5 മീറ്റർ വീതിയും ഉള്ള ഈ വീട്ടിൽ ആളുകൾക്ക് ഒരാഴ്ച താമസിയ്ക്കാം. അടുത്ത വർഷം വാൻഗാർഡ് കടലിൽ സ്ഥാപിക്കും എന്നാണ് കമ്പനി പറയുന്നത്. ഗവേഷണത്തിന് പുറമേ ടൂറിസത്തിനും സാദ്ധ്യത തുറന്ന് നൽകുന്നതാണ് കടലിനടിയിലെ പുതിയ വീടുകൾ.
നിലവിൽ ബഹിരാകാശത്ത് ഗവേഷണത്തിനും നിരീക്ഷണത്തിനുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉണ്ട്. സമാനമായ രീതിയിൽ കടലിനുള്ളിൽ ഒരു താവളം ഒരുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
Discussion about this post