ഡെറാഡൂൺ: വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. രുദ്രപ്പൂറിൽ റെയിൽവേ ട്രാക്കിന് കുറുകെ ആറ് മീറ്റർ നീളമുള്ള ഇരുമ്പ് തൂൺ കണ്ടെത്തി. ബിലാസ്പൂറിനും രുദ്രപ്പൂറിനും ഇടയിലുള്ള പാളത്തിലാണ് ഇരുമ്പ് തൂൺ കണ്ടെത്തിയത്. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണെന്നാണ് സംശയിക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തിൽ ട്രെയിൻ അട്ടിമറി ശ്രമങ്ങൾ നടന്നിരുന്നു. ഇരുമ്പ് തൂൺ ശ്രദ്ധയിൽ പെട്ടതോടെ, ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. തൂൺ ശ്രദ്ധയിൽ പെട്ടതോടെ, ട്രെയിൻ ജീവനക്കാർ രുദ്രാപ്പൂർ സിറ്റി സ്‌റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതർ ഇരുമ്പ് തൂൺ എടുത്ത് മാറ്റുകയും തുടർന്ന് സുരക്ഷിതമായി ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.
ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീറിൽ ചരക്ക് തീവണ്ടി പാളം തെറ്റിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പാളത്തിൽ രണ്ട് സിമന്റ് കട്ടകൾ ശ്രദ്ധയിൽ പെട്ടതോടെ ലോക്കോപൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ട്രാക്കിൽ വച്ചിരുന്ന സിമന്റ് കട്ടകൾ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിന് മുമ്പും ഉത്തർപ്രദേശിൽ കാളിന്ദി എക്‌സപ്രസ് പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു. ട്രാക്കിൽ വച്ചിരുന്ന ഗ്യാസ് സിലിണ്ടർ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ട്രാക്കിൽ നിന്നും തീപ്പെട്ടിയും പെട്രോൾ കുപ്പിയും കണ്ടെത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post