എറണാകുളം: മലയാള സിനിമാ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടി കവിയൂർ പൊന്നമ്മയുടെ അപ്രതീക്ഷിത വിയോഗം. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ മാത്രമാണ് ദീർഘനാളായി കവിയൂർ പൊന്നമ്മ അസുഖ ബാധിതയായിരുന്നുവെന്ന കാര്യം അറിഞ്ഞത്. ആശുപത്രിയിൽ നിന്നും രോഗമുക്തി നേടി തിരിച്ച് വരുമെന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷ തെറ്റിച്ചുകൊണ്ടായിരുന്നു കവിയൂർ പൊന്നമ്മ നമ്മളോട് വിട പറഞ്ഞത്.
17ാം വയസ്സിൽ നാടകത്തിലൂടെ ആയിരുന്നു കവിയൂർ പൊന്നമ്മ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സിനിമയിലേക്കും എത്തി. പ്രണയ രംഗങ്ങൾ സിനിമയിൽ ചെയ്യാൻ അത്രയ്ക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായിരുന്നു കവിയൂർ പൊന്നമ്മയ്ക്ക്. എന്നാൽ ജനിച്ചു ജീവിച്ച മതവും സംസ്‌കാരവും മരണം വരെ പിന്തുടരണമെന്ന വാശി ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ കവിയൂർ പൊന്നമ്മയെ പ്രേരിപ്പിച്ചു. നിരവധി ചാനൽ അഭിമുഖങ്ങളിൽ ഇതേപ്പറ്റി തുറന്ന് പറഞ്ഞിട്ടുമുണ്ട് കവിയൂർ പൊന്നമ്മ.
വിവാഹത്തിൽവരെ എത്തിയതായിരുന്നു ആ പ്രണയ ബന്ധം. ധൈര്യപൂർവ്വം തന്നെ തന്റെ പ്രണയത്തെക്കുറിച്ച് അച്ഛനോട് തുറന്നുപറയാൻ കവിയൂർ പൊന്നമ്മ മടി കാണിച്ചില്ല. വിവാഹം കഴിക്കുമെന്ന് ദൃഢ പ്രതിജ്ഞയും എടുത്തു. എന്നാൽ ഇതര മതസ്ഥനായ കാമുകന് വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകണം എങ്കിൽ കവിയൂർ പൊന്നമ്മ മതം മാറണമായിരുന്നു. മതംമാറിയാൽ മാത്രമേ വിവാഹം നടക്കുകയുള്ളൂവെന്ന് പിതാവ് പറഞ്ഞെന്നായിരുന്നു കാമുകൻ കവിയൂർ പൊന്നമ്മയോട് പറഞ്ഞത്.
ഇത് കേട്ട കവിയൂർ പൊന്നമ്മ ബന്ധത്തിൽ നിന്നും പിന്മാറി. ജാതിയും മതവും നോക്കിയിട്ട് അല്ലല്ലോ ഇഷ്ടപ്പെട്ടത്, വിവാഹത്തിന് മതം തടസ്സമാകുന്നുണ്ടെങ്കിൽ ആ സ്‌നേഹം വേണ്ടെന്നായിരുന്നു നടിയുടെ നിലപാട്. തന്റെ സഹോദരിമാർക്ക് താൻ ഒരു ചീത്തപേര് ഉണ്ടാക്കി കൊടുക്കില്ലെന്നും, കുടുംബമാണ് വലുതെന്നും കാമുകനോട് പറഞ്ഞ് കവിയൂർ പൊന്നമ്മ ആ ബന്ധത്തിന് തിരശ്ശീലയിട്ടു. തുടർന്ന് മറ്റൊരാളെ വിവാഹം ചെയ്തു.
പേരിനും പ്രശസ്തിയ്ക്കും വേണ്ടി ഒരിക്കലും സ്വന്തം മതത്തെയോ സംസ്‌കാരത്തെയോ നാളിതുവരെ കവിയൂർ പൊന്നമ്മ തള്ളിപ്പറഞ്ഞിട്ടില്ല. പ്രണയം ഉപേക്ഷിച്ചതിൽ തെല്ലും കുറ്റബോധമില്ലെന്നും നടി പറയുന്നു. മാത്രമല്ല ജനിച്ചു വളർന്ന ഹിന്ദു മതത്തിലും സംസ്‌കാരത്തിലുമാണ് ജീവിച്ച് മരിക്കേണ്ടതെന്ന ബോദ്ധ്യവും കവിയൂർ പൊന്നമ്മയ്ക്ക് ഉണ്ടായിരുന്നു. പലപ്പോഴും ഇക്കാര്യം ധൈര്യപൂർവ്വം കവിയൂർ പൊന്നമ്മ തുറന്നുപറഞ്ഞിട്ടുമുണ്ട്.
Discussion about this post