അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രമുഖ ഡയറി ബ്രാൻഡായ അമൂൽ. തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളാണ് കമ്പനി നിഷേധിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഒരിക്കലും നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
തങ്ങളുടെ അത്യാധുനിക ഉൽപ്പാദന കേന്ദ്രങ്ങളിൽ പാലിൽ നിന്നാണ് നെയ്യ് നിർമ്മിക്കുന്നത്. അവ ഐഎസ്ഒ സർട്ടിഫൈഡ് ആണ്. ഉയർന്ന ഗുണമേന്മയുള്ള ശുദ്ധമായ പാൽ കൊഴുപ്പിൽ നിന്നാണ് അമൂൽ നെയ്യ് നിർമ്മിക്കുന്നത്. തങ്ങളുടെ ഡയറികളിൽ ലഭിക്കുന്ന പാൽ മികച്ച ഗുണനിലവാരമുള്ളവയാണെന്നും കമ്പനി വ്യക്തമാക്കി.
മുൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡൂ നിർമ്മാണത്തിൽ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വിവാദത്തിൽ കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ആന്ധ്രാപ്രദേശ് സർക്കാരിൽ നിന്ന് വിഷയത്തിൽ റിപ്പോർട്ട് തേടുകയും അത് പരിശോധിച്ച ശേഷം ഉചിതമായ നടപടി വാഗ്ദാനം ചെയ്യുകയും ചെയ്തു. ആരോപണത്തിൽ അന്വേഷണം വേണമെന്ന് ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു.
Discussion about this post