ബെയ്റൂട്ട് : ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലിന്റെ വ്യോമാക്രമണം. ലെബനനിൽ വ്യാപകമായി നടത്തിയ വ്യോമാക്രമണത്തിൽ ആക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടു. എഴുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് ഒരു വർഷമായി നീണ്ടുനിൽക്കുന്ന സംഘർഷത്തിനിടെ അതിർത്തി കടന്നുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രായേൽ ലെബനനിൽ നടത്തിയത്.
ഗാസയ്ക്ക് ശേഷം ഇസ്രായേൽ വടക്കൻ അതിർത്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് പുതിയ വ്യോമാക്രമണങ്ങൾ സൂചന നൽകുന്നത്. ഹിസ്ബുള്ള തങ്ങളുടെ സഖ്യകക്ഷിയായ ഹമാസിനെ പിന്തുണച്ച് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി ഹിസ്ബുള്ള ഭീകരരുടെ പേജറുകളും വോക്കി ടോക്കികളും കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിന് ശേഷമാണ് ഇപ്പോൾ ഇസ്രായേൽ ലെബനനിൽ വ്യോമാക്രമണം നടത്തിയിരിക്കുന്നത്.
ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രായേൽ ലെബനന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ 300-ലധികം ഹിസ്ബുള്ള ലക്ഷ്യങ്ങൾ അടിച്ചമർത്തപ്പെട്ടതായി ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രായി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രതിരോധ സേന തലവൻ ഹെർസി ഹെലവി അറിയിച്ചു.
നേരത്തെ ലെബനനിലെ ജനങ്ങളുടെ ഫോണുകളിലേക്ക് അജ്ഞാത സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് സമീപത്തു നിന്നും മാറാൻ ആവശ്യപ്പെട്ടായിരുന്നു അജ്ഞാത നമ്പറിൽ നിന്നും ടെക്സ്റ്റ്-വോയ്സ് മെസ്സേജുകൾ ലഭിച്ചതെന്ന് തെക്കൻ ലെബനനിലെ ജനങ്ങൾ ബിബിസിയോട് വ്യക്തമാക്കിയിരുന്നു. തന്റെ ഓഫീസിലും ഇത്തരം ഒരു സന്ദേശം ലഭിച്ചതായി ലബനൻ ഇൻഫർമേഷൻ മന്ത്രിയും സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഉൾപ്പെടെ നിർത്തിവയ്ക്കാനായി തെക്കൻ ലെബനനിലെ എല്ലാ ആശുപത്രികൾക്കും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. അത്യാഹിത വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ സജ്ജീകരിക്കാനും പരിക്കേറ്റ് എത്തുന്നവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ഒരുക്കാനും ആരോഗ്യ മന്ത്രാലയം ആശുപത്രികളെ അറിയിച്ചിട്ടുണ്ട്.
Discussion about this post