ന്യൂഡൽഹി : തിരുപ്പതി ലഡു വിവാദത്തിൽ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന എ ആർ ഡയറി എന്ന സ്ഥാപനത്തിനെതിരെ കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് നോട്ടീസ്. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് (ടിടിഡി) നെയ്യ് നൽകിയതിൽ എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
സെപ്റ്റംബർ 23-നകം കമ്പനിയോട് മറുപടി നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം 2006ലെ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ് ആക്ടും ചട്ടങ്ങളും അനുസരിച്ച് നടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന M/S AR ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയിട്ടുള്ള FSSAI സെൻട്രൽ ലൈസൻസ് നമ്പർ 10014042001610 ലൈസൻസിന് 2029 ജൂൺ 1 വരെയാണ് കാലാവധി ഉള്ളത്. എന്നാൽ കാരണം കാണിക്കൽ നോട്ടീസിൽ ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ വൈകാതെ തന്നെ കമ്പനിയുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന.
10/5 സി, മധുര റോഡ്, ബേഗംപൂർ പോസ്റ്റ്, ഡിണ്ടിഗൽ ബ്ലോക്ക്, തമിഴ്‌നാട് എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കഴിഞ്ഞ നാല് വർഷമായി തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് വിതരണം ചെയ്യുന്നത്. ഈ സ്ഥാപനത്തിൽ നിന്നും വിതരണം ചെയ്ത എല്ലാ സാമ്പിളുകളും പരിശോധനയ്ക്കായി ഗുജറാത്തിലെ ആനന്ദിലുള്ള NDDB CALF ലാബിലേക്ക് അയച്ചിട്ടുള്ളതായി ടിടിഡിയുടെ നെയ്യ് സംഭരണ കമ്മിറ്റി വ്യക്തമാക്കി. പരിശോധന ഫലം വന്നതിനു ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും എന്നാണ് സൂചന.
Discussion about this post