ന്യൂഡല്‍ഹി: പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ വഴിപാട് തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ ഒരുങ്ങി ഒഡീഷ സർക്കാർ. ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രത്തിൽ നിവേദ്യം ചെയ്യുന്ന ലഡ്ഡു തയ്യാറാക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. ഇവിടെ അത്തരം ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ദേവതകൾക്കുള്ള പ്രസാദം, ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദം എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൻ്റെ ഗുണനിലവാരം ഭരണകൂടം പരിശോധിക്കുമെന്ന് പുരി ജില്ലാ കളക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിൻ പറഞ്ഞു.
പുരി ക്ഷേത്രത്തിൽ ഉപയോഗിക്കാനുള്ള നെയ്യ് വിതരണം ചെയ്യുന്നത് സംസ്ഥാനത്തിൻ്റെ കീഴിലുള്ള ഒഡീഷ മിൽക്ക് ഫെഡറേഷൻ (ഓംഫെഡ്) മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, മായം കലരുമെന്ന ഭയം അകറ്റാൻ ഓംഫെഡ് വിതരണം ചെയ്യുന്ന നെയ്യിൻ്റെ നിലവാരം പരിശോധിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ഓംഫെഡുമായും പ്രസാദം തയ്യാറാക്കുന്ന ക്ഷേത്രത്തിലെ സേവകരുമായും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ വൈഎസ്ആർസിപി സർക്കാരിൻ്റെ കാലത്ത് ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അവകാശപ്പെട്ടതിനെ തുടർന്ന് തിരുപ്പതി ക്ഷേത്രത്തിലെ ലഡുക്കളുടെ ഗുണനിലവാരം ദേശീയ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്ക് ആണ് തിരികൊളുത്തിയത്.
Discussion about this post