തിരുവനന്തപുരം : നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാൽസംഗക്കേസിന് പിന്നിൽ. ഒന്നും അന്വേഷിക്കാതെയാണ് തന്നെ പോലീസ് പ്രതിയാക്കിയത് എന്നാണ് സിദ്ദിഖ് ഹർജിയിൽ ചൂണ്ടികാണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഓൺലൈനായാണ് രഞ്ജിത റോത്തഗി വഴി സിദ്ദിഖ് ഹർജി നൽകിയത്.
യുവനടി ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹർജിയിൽ പറയുന്നു. തന്നെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് നടിയുടെ പരാതി. അഞ്ച് വർഷം മുൻപ് നടി സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉന്നയിച്ച ആരോപണമാണ് അവർ വീണ്ടും ഉയർത്തിയിരിക്കുന്നത്. അന്ന് അവരെ ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ മാത്രമാണ് ബലാത്സംഗ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത് തന്നെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ആണെന്നും ഹർജിയിൽ പറയുന്നു.
മുൻകൂർ ജാമ്യാപേക്ഷ തിങ്കാളാഴ്ച പരിഗണിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത സുപ്രീം കോടതി റജിസ്ട്രാർക്ക് കത്തുനൽകിയിട്ടുണ്ട്. അതേസമയം, സിദ്ദിഖിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും നോട്ടീസ് പത്രങ്ങളിൽ ഫോട്ടോ പ്രസിദ്ധീകരിക്കാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. മറ്റേതെങ്കിലും സംസ്ഥാനത്തെത്തിയാൽ തിരിച്ചറിഞ്ഞ് അന്വേഷണസംഘത്തെ അറിയിക്കാൻ ഫോൺ നമ്പറും പത്രങ്ങൾക്ക് നൽകിയിട്ടുണ്ട്
Discussion about this post