വൈവിധ്യങ്ങളുടെ നാടാണ് ഓസ്ട്രേലിയ. പ്രകൃതി സ്‌നേഹികൾക്കും സാഹസിക പ്രേമികൾക്കും ചരിത്രാന്വേഷകർക്കുമെല്ലാം ഒരുപോലെ കാണാനും അറിയാനും ആസ്വദിക്കാനുമുള്ള ഒട്ടേറെ കാര്യങ്ങൾ ഇവിടെയുണ്ട്.. ഇനി ജൈവവൈവിധ്യമാണ് പ്രിയമെങ്കിലും ഓസ്‌ട്രേലിയ സഞ്ചാരികൾക്ക് പറ്റിയ സ്ഥലമാണ്യ മാർസൂപ്പിയൽസ് അഥവാ സഞ്ചിമൃഗങ്ങളെന്ന വളരെ വ്യത്യസ്തമായ ജീവിവർഗത്താൽ സമ്പന്നമാണ് ഈ വൻകര. കുഞ്ഞിനെ സഞ്ചിയിലിട്ട് ചാടിച്ചാടി സഞ്ചരിക്കുന്ന സഞ്ചിമൃഗം കംഗാരുവിനെ മതിയാവോളം കാണാം. കങ്കാരുവിനെ കൂടാതെ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ജീവിയും ഇവിടെയുണ്ട്.
കാണാൻ നമ്മുടെ കുഞ്ഞനെലികളോട് സാമ്യമുള്ള ആൻടെക്കിനസിനെ അതിന്റെ ഇണചേരൽ രീതിയാണ് വ്യത്യസ്തമാക്കുന്നത്. ഒന്നും രണ്ടും മണിക്കൂറുകളല്ല രണ്ടോ മൂന്നോ ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ് ഇവയുടെ ഇണചേരൽ കാലഘട്ടം. ഈ സമയമത്രയും ആൺ ആൻടെക്കിനസുകൾ വിശ്രമില്ലാതെ ഇണചേരലിൽ ഏർപ്പെടും. ഏതാണ്ട് 14 മണിക്കൂർ വരെ ഇവ നിർത്താതെ ഇണചേരിൽ ഏർപ്പെടാറുണ്ടത്രേ. ഏറ്റവും ദുഃഖകരമായ കാര്യം ഈ ഇണചേരലോടെ ആൺ ആൻടെക്കിനസുകൾ മരണപ്പടും. സൂയിസൈഡൽ റീപ്രൊഡക്ഷൻ എന്നാണ് ആൻടെക്കിനസുകളുടെ ലൈംഗികബന്ധം അതുകൊണ്ട് അറിയപ്പെടുന്നത് തന്നെ. ഇണചേരൽ കാലത്ത് ഇവയുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ, സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ എന്നിവ ഉയർന്ന അളവിൽ ഉൽപാദിപ്പിക്കപ്പെടാറുണ്ട്. ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കോർട്ടിസോളിനെ നിയന്ത്രിക്കുന്നതിൽ നിന്ന് ഇവയുടെ ശരീരത്തെ തടയുന്നു. ഹോർമോണുകളാൽ വിഷലിപ്തമായാണ് മരണമെന്ന് സാരം.
വിശ്രമമില്ലാത്ത ഇണചേരലും കടുത്തക്ഷീണവുമാണ് ആൺ ആൻടെക്കിനസുകളുടെ മരണകാരണമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. ഇണചേരലോടെ ആൺ ആൻടെക്കിനസുകൾ ചത്താൽ അവയുടെ മൃതശരീരം പെൺ ആൻടെക്കിനസുകൾ ഭക്ഷണമാക്കും. അടുത്ത തലമുറയെ പെറ്റുകൂട്ടാനുള്ള ആദ്യ ഊർജ്ജമാണ് ഇങ്ങനെ മരിച്ചുവീഴുന്ന അച്ഛൻ ആൻടെക്കിനസുകൾ നൽകുന്നത്. പങ്കാളിചത്താൽ അടുത്തവർഷമായാൽ അടുത്ത പങ്കാളിയെ തേടിപ്പോകുന്നതാണ് പതിവ്. പെൺ ആൻടെക്കിനസുകൾ അവയുടെ ജീവിതകാലത്തിനിടെ മൂന്ന് തവണവരെ ഇണചേരുന്നു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള ശൈത്യകാലത്ത് അല്ലെങ്കിൽ വസന്തത്തിന്റെ തുടക്കത്തിലാണ് പ്രജനനകാലം.ആറ് മുതൽ പന്ത്രണ്ട് വരെ മുലക്കണ്ണുകളും ഒരുസഞ്ചിയും ഇവയുടെ ശരീരത്തിന്റെ ഭാഗമാണ്.
ഓസ്‌ട്രേലിയയുടെ തെക്ക,കിഴക്ക് ഭാഗത്തെ വനപ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. പ്രാണികൾ,ചിലന്തികൾ,പല്ലികൾ എന്നിവയാണ് പ്രധാനഭക്ഷണം. ഏതാണ്ട് 15 ഓളം സ്പീഷീസുകൾ ഈ ഗണത്തിലുണ്ട്. ചാരനിറത്തിലോ തവിട്ടുനിറത്തിലോ ആയ ചെറിയകുറ്റിരോമങ്ങളാണ് ഇവയുടെ പ്രത്യേകത. മെലിഞ്ഞ വാലുകളും തലകൾ കോണാകൃതിയിലുമാണ് കാണപ്പെടുന്നത്.
Discussion about this post