കൊൽക്കത്ത : ആർജി കാർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ചില രേഖകൾ പോലീസ് സ്റ്റേഷനിൽ നിന്ന് മാറ്റിയതായി സിബിഐ. താല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തെറ്റായ വിവരങ്ങൾ സൃഷ്ടിച്ചത് എന്ന് സിബിഐ കോടതിയിൽ അറിയിച്ചു.
തല പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അഭിജിത് മൊണ്ടൽ, ആർജി കാറിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ തല പോലീസ് സ്റ്റേഷനിൽ കേസുമായി ബന്ധപ്പെട്ട ചില തെറ്റായ രേഖകൾ സൃഷ്ടിക്കുകയും മാറ്റുകയോ ചെയ്തതായി കാണിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായി വാദത്തിനിടെ സിബിഐ അവകാശപ്പെട്ടു.
പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിരുന്നു. അവ പരിശോധനയ്ക്കായി കൊൽക്കത്തയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (സിഎഫ്എസ്എൽ) അയച്ചിട്ടുണ്ട് എന്ന് സിബിഐ കോടതിയിൽ അറിയിച്ചു.
‘ചില കാര്യങ്ങൾ സിബിഐ അന്വേഷണത്തിന് അപ്പുറമാണ്. എല്ലാം ഒരു നിമിഷം കൊണ്ട് ചെയ്യാൻ കഴിയുന്ന മാന്ത്രിക വടി ഞങ്ങളുടെ കയ്യിലില്ല. ഞങ്ങൾക്ക് സമയം വേണം. അവരുടെ മൊബൈൽ ഫോണുകളിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഞങ്ങൾ ഡാറ്റാബേസുകൾ വേർതിരിച്ചിട്ടുണ്ട്. ഞങ്ങൾ ഇപ്പോഴും തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അതിനാലാണ് സെപ്തംബർ 30 വരെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിക്കായി ഞങ്ങൾ ചോദിക്കുന്നത് എന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതേ തുടർന്ന് സി.ബി.ഐയുടെ അപേക്ഷ സീൽദാ കോടതി അംഗീകരിക്കുകയും ഘോഷിനെയും മൊണ്ടലിനെയും സെപ്റ്റംബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ആഗസ്റ്റ് 9 നാണ് ആർജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പ്രധാന പ്രതിയായ സഞ്ജയ് റോയിയെ ഒരു ദിവസത്തിന് ശേഷം കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.













Discussion about this post