ജനീവ: കഴിഞ്ഞ നിരവധി വർഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഐക്യരാഷ്ട്ര സഭാ പൊതു അസ്സെംബ്ലിയിൽ കശ്മീർ വിഷയം പരാമർശിക്കാതെ തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ. 2019 മുതൽ അദ്ദേഹം തുടർന്ന് വരുന്ന ഒരു നിലപാടാണിത്. ഈ മാറ്റം വളരെയധികം പ്രാധാന്യമർഹിക്കുന്നു എന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കുകയും പ്രദേശത്തിൻ്റെ പ്രത്യേക പദവി ഇല്ലാതാക്കുകയും ചെയ്തതിന് ശേഷം എർദോഗൻ ജമ്മു കശ്മീർ പ്രശ്നം നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അദ്ദേഹത്തിൻ്റെ മുൻകാല പരാമർശങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായ ഇടപെടലുകളായാണ് കരുതപ്പെട്ടിരുന്നത്. ഇതിനെ ഇന്ത്യ നിരന്തരം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു വരുകയാണ്. 2019 മുതൽ, കശ്മീർ താഴ്‌വരയിൽ സമാധാനവും സമൃദ്ധിയും സ്ഥിരതയും ഇല്ലെന്ന് അവകാശപ്പെട്ടു കൊണ്ട് എർദോഗൻ തൻ്റെ ഐക്യരാഷ്ട്ര സഭാ വേദി ജമ്മു കശ്മീരിലെ ഇന്ത്യയുടെ നയങ്ങളെ വിമർശിക്കാൻ ഉപയോഗിച്ചു വരുകയായിരുന്നു.
എന്നിരുന്നാലും, ചൊവ്വാഴ്ച ന്യൂയോർക്കിലെ യുഎൻജിഎയിൽ നടത്തിയ പ്രസംഗത്തിൽ, എർദോഗൻ പ്രാഥമികമായി ഇസ്രായേൽ-ഗാസ സംഘർഷത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ മാറ്റത്തിൻ്റെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും അദ്ദേഹം കാശ്മീർ ഒഴിവാക്കിയത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യയുടെ ഉയർന്നു വരുന്ന ആഗോള പദവി എർദോഗൻ്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരുപക്ഷെ കശ്മീരിനോടുള്ള അദ്ദേഹത്തിൻ്റെ മൃദുവായ നിലപാട് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നയതന്ത്ര നീക്കമായിരിക്കാം. ഇത് കൂടാതെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീർ താഴ്‌വരയിൽ വന്ന സമാധാനപരമായ മാറ്റങ്ങളും അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post