ന്യൂയോർക്ക്: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ബ്രിട്ടനും. യുഎൻ ജനറൽ അസംബ്ലിയുടെ 79ാമത് സെഷനിൽ സംസാരിക്കുന്നതിനിടെ ബ്രിട്ടൻ പ്രധാനമന്ത്രി കെയിർ സ്റ്റാർമറായിരുന്നു ഇക്കാര്യം അറിയിച്ചത്. നേരത്തെ അമേരിക്കയും ഫ്രാൻസും സ്ഥിര അംഗത്വം ലഭിക്കുന്നതിന് ഇന്ത്യയെ പിന്തുണച്ചിരുന്നു.
യുഎൻ സുരക്ഷാ കൗൺസിലിൽ സമൂലമായ മാറ്റം ആവശ്യമാണെന്ന് കെയിർ സ്റ്റാർമർ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങൾ തീരുമാനിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്ത കൂടുതൽ പ്രാതിനിധ്യമുള്ള ഒന്നായി സുരക്ഷാ കൗൺസിൽ മാറണം. തനിക്ക് ആഫ്രിക്കയെ കൗൺസിലിലെ സ്ഥിര അംഗമായി കാണണം. സമാനമായ രീതിയിൽ ബ്രസീൽ, ഇന്ത്യ, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ സ്ഥിര പ്രാതിനിധ്യവും സമിതിയിൽ വേണം. കൂടുതൽ സീറ്റുകൾ കൗൺസിലിൽ അനുവദിക്കണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ സഭയിൽ സംസാരിക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ത്യയ്ക്ക് സ്ഥിര അംഗത്വം നൽകണം എന്ന നിലപാട് വ്യക്തമാക്കിയിരുന്നു.
നിലവിൽ അഞ്ച് സ്ഥിര അംഗങ്ങളാണ് സുരക്ഷാ കൗൺസിലിൽ ഉള്ളത്. റഷ്യ, ഫ്രാൻസ്, ബ്രിട്ടൺ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് സ്ഥിര അംഗങ്ങൾ. സ്ഥിര അംഗങ്ങൾ അല്ലാത്ത 10 രാജ്യങ്ങളാണ് കൗൺസിലിൽ ഉള്ളത്. രണ്ട് വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാണ് ഈ അംഗങ്ങളെ തീരുമാനിക്കാറുള്ളത്.
Discussion about this post