മലപ്പുറം; ഇടതുപക്ഷ ബാന്ധവം വിട്ടതോടെ പരസ്പരം ചെളിവാരിയെറിഞ്ഞ് സിപിഎമ്മും നിലമ്പൂർ എംഎൽഎ പിവി അൻവറും. മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസിനെതിരെ വിചിത്രമായ ആരോപണമാണ് പിവി അൻവർ ഉന്നയിച്ചത്. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർഎസ്എസുകാരനാണെന്നും അൻവർ ആരോപിച്ചു. താൻ മുസ്ലീമായതിനാലാണ് അദ്ദേഹത്തിന് തന്നോട് വിരോധമെന്ന് നിലമ്പൂർ എംഎൽഎ പറയുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷത്തോടും കടുത്ത വിരോധമുള്ളയാളാണ് മോഹൻദാസെന്നും അൻവർ ആരോപിച്ചു.
ആറുമാസം മുമ്പ് ഇ എൻ മോഹൻ ദാസിനെ ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ഒരു സെക്രട്ടേറിയറ്റ് അംഗം കൈയേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടിവീഴ്ത്തി കോളറിന് പിടിച്ചു. ഇ എൻ മോഹൻ ദാസ് രാവും പകലും ആർഎസ്എസിന് വേണ്ടിയാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് ഫണ്ട് കൊടുക്കലല്ല സർക്കാർ നിലപാട് എന്നു പറഞ്ഞ് ഇ എൻ മോഹൻദാസ് പല തവണ തടഞ്ഞതായും അൻവർ ആരോപിച്ചു. 2021ൽ തന്നെ നിലമ്പൂരിൽ തോൽപ്പിക്കാൻ ശ്രമിച്ചു. തെളിവുകളടക്കം മോഹൻദാസിനെതിരെ നാളെ പൊതുസമ്മേളനത്തിൽ തുറന്നു പറയുമെന്നും അൻവർ ആഞ്ഞടിച്ചു.
ഇതിന് പിന്നാലെ പിവി അൻവർ എംഎൽഎ പോരാളിയല്ല കേരള രാഷ്ട്രീയം കണ്ട കോമാളിയായി മാറിയെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. അൻവർ ഇടതുപക്ഷത്തിനും പാർടിക്കും എതിരായി നിൽക്കുന്നവരുടെ കോടാലിക്കയ്യായി മാറി. പാർട്ടിയെ രക്ഷിക്കാനാല്ല, തകർക്കാനാണ് ലക്ഷ്യം. അത് നടക്കുകയില്ല. പാർട്ടിയെ വെല്ലുവിളിച്ചവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടിയിലാണ് കേരളം വലിച്ചെറിഞ്ഞതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post