ന്യൂഡൽഹി: ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിർത്ത സംഭവത്തിൽ കോടതിയിൽ മാപ്പ് പറഞ്ഞ് മസ്ജിദ് കമ്മിറ്റി. ഡൽഹി ഷാഹി ഈദ്ഗാഹ് മാനേജിംഗ് കമ്മിറ്റിയാണ് കോടതിയിൽ മാപ്പ് പറഞ്ഞ് തടിയൂരിയത്. പ്രതിമ സ്ഥാപിക്കുന്നതിനെ എതിർത്ത് കമ്മിറ്റി നൽകിയ ഹർജി പരിഗണിച്ച കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞത്.
മസ്ജിദിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കാൻ ആയിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ ഇത് തടഞ്ഞ മസ്ജിദ് കമ്മിറ്റി എതിർപ്പ് പ്രകടമാക്കി ഹർജി സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇത് പരിഗണിച്ച കോടതി ഝാൻസി റാണി ഈ രാജ്യത്തിന്റെ യോദ്ധാവ് ആണെന്നും വർഗ്ഗീയ ശക്തികൾക്ക് വേണ്ടി ചരിത്രം മാറ്റി എഴുതാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ കോടതിയെ ഉപയോഗിച്ച് മസ്ജിദ് കമ്മിറ്റി വർഗ്ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കോടതി വിമർശിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജി കമ്മിറ്റി പിൻവലിച്ചിരുന്നു. ശേഷം പുതിയ ഹർജി ഡിവിഷൻ ബെഞ്ച് മുൻപാകെ സമർപ്പിച്ചു.
ഡിവിഷൻ ബെഞ്ച് സമർപ്പിച്ച ഹർജി കോടതി വെള്ളിയാഴ്ച പരിഗണിച്ചിരുന്നു. ഇതിനൊപ്പം ആയിരുന്നു മാപ്പ് അപേക്ഷയും സമർപ്പിച്ചത്. തടസ്സങ്ങൾ നീങ്ങിയ സാഹചര്യത്തിൽ പ്രതിമ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Discussion about this post