ബെയ്റൂത്ത് : അമേരിക്കൻ നയതന്ത്രജ്ഞരോടും കുടുംബങ്ങളോടും എംബസി ജീവനക്കാരോടും എത്രയും പെട്ടെന്ന് ലെബനൻ വിടാൻ ആവശ്യപ്പെട്ട് യുഎസ്. ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് തന്നെ ലെബനൻ വിട്ട് തിരികെ എത്താൻ യുഎസ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ വലിയ അരക്ഷിതാവസ്ഥയാണ് ലെബനനിൽ ഉള്ളതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.
നയതന്ത്രജ്ഞരെ കൂടാതെ ലെബനനിൽ ഉള്ള യുഎസ് പൗരന്മാരോടും എത്രയും പെട്ടെന്ന് രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം തന്നെ പൊതുജനങ്ങൾ അടക്കം ലക്ഷക്കണക്കിന് പേരാണ് ലെബനനിൽ നിന്നും പലായനം ചെയ്തിരിക്കുന്നത്. യുഎൻ റിപ്പോർട്ടുകൾ അനുസരിച്ച് സംഘർഷ സാഹചര്യങ്ങളെ തുടർന്ന് 2 ലക്ഷത്തിലേറെ പേർ ഇതുവരെ ലെബനനിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ എല്ലാ പൗരന്മാരും എത്രയും പെട്ടെന്ന് ലെബനൻ വിടണം എന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുള്ളത്.
ഇസ്രായേൽ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മേധാവി സയ്യിദ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടിരുന്നു. ഇതേ ആക്രമണത്തിൽ തന്നെ ഇറാൻ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫറൗഷാനും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. രാജ്യം വലിയ അപകട ഭീഷണിയാണ് നേരിടുന്നതെന്ന് ലബനൻ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചു ചേർത്ത ശേഷം പ്രഖ്യാപിച്ചു. അതേസമയം ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരായ ആക്രമണം തുടരുകയാണ് ഇസ്രായേൽ.
Discussion about this post