മലപ്പുറം: സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ എംഎൽഎയെ പിന്തുണച്ച് ജന്മനാട്ടിൽ ഫ്‌ളക്‌സ് ബോർഡ്. അൻവറിന്റെ വീടിന് മുൻപിലാണ് ഫ്‌ളക്‌സ് ബോർഡ് വച്ചിരിക്കുന്നത്. ടൗൺ ബോയ്‌സ് ആർമിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
കൊല്ലാം പക്ഷേ തോൽപിക്കാനാവില്ല എന്ന തല്ലക്കെട്ടോടെയാണ് ഫ്‌ളക്‌സ് ബോർഡ്. കഴിഞ്ഞ ദിവസം അൻവറിന്റെ വീടിന് മുൻപിൽ സി.പി.എം അൻവറിനെതിരെ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് അൻവറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോർഡും പൊങ്ങിയിരിക്കുന്നത്.
ബോർഡിൽ എഴുതിയതിൻറെ പൂർണരൂപം:
‘കൊല്ലാം, പക്ഷേ തോൽപ്പിക്കാനാകില്ല’
സൂര്യൻ അസ്തമിക്കാത്ത ബ്രീട്ടിഷ് സാമ്രാജ്യത്ത ശക്തികൾക്കെതിരെ ഐതിസാഹസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിൻറെ മണ്ണിൽ വീരചരിതം രചിച്ച പുത്തൻവീട് തറവാട്ടിലെ പൂർവീകർ പകർന്നു നൽകിയ കലർപ്പില്ലാത്ത പോരാട്ട വീര്യം സിരകളിൽ ആവാഹിച്ച്… ഇരുൾ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക്… ജനലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ പൊൻ കിരണങ്ങൾ സമ്മാനിച്ചുകൊണ്ട് വിപ്ലവ സൂര്യനായി മലപ്പുറത്തിൻറെ മണ്ണിൽ നിന്ന് ജ്വലിച്ചുയർന്ന പിവി അൻവർ എംഎൽഎയ്ക്ക് ജന്മനാടിൻറെ അഭിവാദ്യങ്ങൾ’…
കഴിഞ്ഞ ദിവസം അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിൽ ഫ്‌ളക്‌സ് ബോർഡ് ഉയർന്നിരുന്നു. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലും ഫ്‌ളക്‌സ് ബോർഡ് ഉയർന്നിരുന്നു. പി വി അൻവറിന് അഭിവാദ്യങ്ങൾ എന്നാണ് ഫ്‌ളക്‌സിൽ കുറിച്ചിരുന്നത്.
അതേസമയം പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ യോഗം ഇന്നാണ് വിളിച്ചിരിക്കുന്നത്. നിലമ്പൂർ ചന്തക്കുന്നിൽ വൈകുന്നേരം 6.30നാണ് യോഗം .
Discussion about this post