ന്യൂഡൽഹി : ബസ്മതി ഇതര വെള്ള അരിയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനം നെൽകർഷകർക്ക് വലിയ ഗുണം നൽകുന്നതാണ്. വെള്ള അരിക്ക് കൂടുതൽ വില കിട്ടാൻ കേന്ദ്രസർക്കാരിന്റെ ഈ പുതിയ തീരുമാനം വഴി സാധിക്കും. എന്നാൽ കേരളത്തിന് വലിയ ഇരുട്ടടി ആണ് ഈ തീരുമാനം മൂലം ഉണ്ടായിരിക്കുന്നത്.
അരിക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് അരിവിലയിൽ വർദ്ധനവ് ഉണ്ടായാൽ തിരിച്ചടിയായിരിക്കും ഉണ്ടാവുക. വെള്ള അരിയുടെ കയറ്റുമതി വർധിക്കുന്നതിലൂടെ ആഭ്യന്തരവിപണിയിൽ അരി വില ഉയരാൻ ഇടയാകുന്നതാണ്. നിലവിൽ തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന അരി വിലയാണ് കേരളത്തിലെ ഉപഭോക്താക്കൾ നൽകേണ്ടിവരുന്നത്.
ബസ്മതി ഇതര വെള്ള അരിയുടെ ഉൽപാദനം കുറയുകയും ആഭ്യന്തരവിപണിയിലെ ആവശ്യം വർധിക്കുകയും ചെയ്തതോടെ 2023 ജൂലൈയിലാണ് കേന്ദ്രസർക്കാർ അരി കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവന്നിരുന്നത്. എന്നാൽ നിലവിൽ ഉൽപാദനം വർദ്ധിച്ചതോടെ അരി കയറ്റുമതിക്കുള്ള വിലക്ക് കേന്ദ്രസർക്കാർ നീക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ കയറ്റുമതി തീരുവയിലും സർക്കാർ കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 20% ആയിരുന്ന കയറ്റുമതി തീരുവ 10% ആയാണ് കുറച്ചിരിക്കുന്നത്.
Discussion about this post