തിരുവനന്തപുരം: പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും വെല്ലുവിളികൾ തുടരുന്ന അൻവറിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി സി പി എം. ഫോൺ ചോർത്തൽ ആരോപണത്തിന് പിന്നാലെ ജാമ്യമില്ലാ കേസ് ചുമത്തിയാണ് അൻവറിനെ ഒതുക്കാൻ സി പി എം ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എ ഡി ജി പി ക്കെതിരെയും രംഗത്ത് വന്ന അൻവർ പിണറായി കെട്ട സൂര്യനാണെന്നും,ആഭ്യന്തര വകുപ്പ്ഭരിക്കാൻ അർഹതയില്ലെന്നും തുറന്നടിച്ചിരുന്നു. ഇതിനെ തുടർന്നാണ് അൻവറിനെ ഒതുക്കാൻ സി പി എം തീരുമാനിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
ഉന്നത ഉദ്യോഗസ്ഥരുടേതടക്കം ഫോൺ ചോർത്തി ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പോലീസ് ചുമത്തിയ എഫ്.ഐ.ആറിൽ പറയുന്നത്. കോട്ടയം കറുകച്ചാലിലെ ഒരു മുൻ കോൺഗ്രസ് പ്രവർത്തകൻകഴിഞ്ഞ 5ന് നൽകിയ പരാതിയിൽ ശനിയാഴ്ച രാത്രി പൊലീസ് ധൃതി പിടിച്ച് കേസെടുക്കുകയായിരുന്നു. അതിൽ നിന്ന് തന്നെ അൻവറിനെ പൂട്ടുക എന്ന ഉദ്ദേശം പ്രവർത്തന മേഖലയിലേക്ക് സി പി എം കൊണ്ട് വന്നു എന്ന് വ്യക്തമാവുകയാണ്.
പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തിയെന്നാണ് കേസ്. ജീവപര്യന്തം തടവ് ശിക്ഷ വരെലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് അൻവറിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ അറസ്റ്റിനു സാദ്ധ്യതയുണ്ട്. അറസ്റ്റ് ചെയ്ത് ജയിലിലടച്ചാൽ അപ്പോൾ കാണാമെന്നാണ് അൻവർ ഇന്നലെ പൊതുസമ്മേളനത്തിൽ വെല്ലുവിളിച്ചത്.
അതെ സമയം അൻവറിന്റെ അറസ്റ്റ് ഉണ്ടാകുമോ എന്ന് ചോദിച്ച രണ്ട് മാദ്ധ്യമ പ്രവർത്തകരെ, അൻവറിന്റെ അനുയായികൾ കയ്യേറ്റം ചെയ്തിരുന്നു. ഇവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
Discussion about this post