ഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കാറിനു നേരെ കല്ലേറ്. പുതിയ ചിത്രമായി റയിസിന്റെ ഷുട്ടിംഗ് നടക്കുന്നതിനിടെ അഹമ്മദാബാദില്‍ വെച്ചായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ ഷാരൂഖ് ഖാന് കാറില്‍ ഉണ്ടായിരുന്നില്ല.
അഹമ്മദാബാദ് നഗരത്തില്‍ വച്ച് ഷാരൂഖിന്റെ കാറിനു നേരെ ആരോ കല്ല് വലിച്ചെറിയുകയായിരുന്നു. റയിസിനെതിരെ വിശ്വഹിന്ദു പരിഷത്ത് ( വി.എച്ച്.പി ) നേരത്തെ പ്രതിഷേധം നടത്തിയിരുന്നു. ഷാരൂഖിന്റെ അസഹിഷ്ണുതാ പരാമര്‍ശത്തിന്റെ പേരിലായിരുന്നു വി.എച്ച്.പി പ്രതിഷേധം നടത്തിയത്. കാറിനെതിരായ ആക്രമണത്തിന് വി.എച്ച്.പിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
ഗുജറാത്തിലെ കച്ചിലും അഹമ്മദാബാദിലുമായി 15 ദിവസത്തെ ചിത്രീകരണത്തിലാണ് ഷാരൂഖിന് പങ്കെടുക്കേണ്ടിയിരുന്നത്. ഇതിന് നല്കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി കൊടുത്തിരിക്കുകയാണ് വിഎച്ച്പി. പ്രതിഷേധക്കാര്‍ ഷാരൂഖ് സിനിമകളുടെ പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ചിത്രീകരണ അനുമതി നിഷേധിച്ചില്ലെങ്കില്‍ തങ്ങള്‍ ഷൂട്ടിംഗ് തടസപ്പെടുത്തുമെന്ന് വിഎച്ച്പി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച ഷാരൂഖ് ഖാനും അമീര്ഖാനുമെതിരേ വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ നേരത്തേ രംഗത്തെത്തിയിരുന്നു. മാതൃഭൂമിയോട് സ്നേഹമില്ല എന്നതിന്റെ തെളിവാണ് ഇവരുടെ പരാമര്‍ശങ്ങളെന്നായിരുന്നു തൊഗാഡിയ പറഞ്ഞത്.
Discussion about this post