പാരിസ്/ ന്യൂഡൽഹി: ഇന്ത്യയ്ക്ക് നൽകാനുള്ള റഫേൽ വിമാനങ്ങളുടെ അന്തിമ വില നിശ്ചയിച്ച് ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കൈമാറി . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
26 റഫേൽ മറൈൻ ജെറ്റ് വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്നത്. ഐഎൻഎസ് വിക്രാന്തിലും മറ്റ് യുദ്ധ കപ്പലുകളിലും വിന്യസിക്കുന്നതിന് വേണ്ടിയാണ് വിമാനം വാങ്ങുന്നത്. കഴിഞ്ഞ ആഴ്ച ഫ്രാൻസിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യയിൽ എത്തി ചർച്ച നടത്തിയിരുന്നു. ഇതിലാണ് കരാർ സംബന്ധിച്ച് അന്തിമ ധാരണയായത്. എന്നാൽ വിലയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരം ആയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച കരാറിൽ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഫ്രാൻസ് ഇന്ത്യയ്ക്ക് വിമാനങ്ങൾ നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫ്രാൻസ് സന്ദർശിക്കും. ഈ വേളയിൽ കരാറുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകുക.
കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ കൈകോർക്കുന്നത് അത് അയൽ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാകും. നിലവിൽ പാകിസ്താനും ചൈനയും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫ്രാൻസുമായുള്ള കരാർ നിർണായകം ആകുന്നത്.
Discussion about this post