കൊച്ചി: കളമശ്ശേരി പോലീസ് ക്യാമ്പിൽ നിന്നും കാണാതായ നായയെ കണ്ടെത്തി. പോലീസ് കെ9 സ്‌ക്വാഡിലെ അർജുൻ എന്ന നായയെയാണ് കണ്ടെത്തിയത്. ഇടിമിന്നൽ ശബ്ദം കേട്ട് ഓടിപ്പോയ അർജുനെ ഇന്നലെ മുതലാണ് കാണാതായത്.
നായയെയും കൊണ്ട് ഇന്നലെ വൈകുന്നേരം നടക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ ഇടിമിന്നൽ ഉണ്ടായതോടെ അർജുൻ പേടിച്ചോടുകയായിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
സ്‌ഫോടകവസ്തുക്കൾ മണത്തുകണ്ടെത്തുന്നതിൽ അതിവിദഗ്ധനായ അർജുന് പോലീസ് സ്‌ക്വാഡിലെ നായ്ക്കളുടെ സംസ്ഥാന മീറ്റിലെ ഒന്നാം സ്ഥാനക്കാരനും ദേശീയതലത്തിൽ നാലാം സ്ഥാനക്കാരനുമാണ്. 2022 ലാണ് എറണാകുളം റൂറൽ പോലീസ് സ്‌ക്വാഡിൽ ബെൽജിയൻ മാലിനോയിസ് വിഭാഗത്തിൽപ്പെട്ട നായയെ വാങ്ങിയതും പിന്നീട് ഒൻപത് മാസം പരിശീലനം നൽകി സേനയിലെ മിടുക്കനാക്കിയതും.
Discussion about this post