സീതാസമേതനായ രാമനെയും അനുജനായ ലക്ഷ്മണനെയും കാത്ത് സഹസ്രങ്ങളോളം അനങ്ങാപ്പാറയായി കിടന്ന അഹല്യയെ ഓർമ്മയില്ലേ.. ഒരുനിമിഷത്തെ പിൻബുദ്ധിയിൽ ചെയ്ത അപരാധവും ഓർത്ത് വേദനയോടെ മോക്ഷത്തിനായി കാത്തിരുന്ന സ്ത്രീരത്‌നത്തെ. ആഹാരമോ ജലപാനമോ ഇല്ലാതെ കല്ലായി മാറിയ അഹല്യയുടേത് രാമായണത്തിലെ കഥ. എന്നാൽ ജീവനുള്ള കല്ലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അനങ്ങാപ്പാറകളായി ലക്ഷക്കണക്കിന് വർഷങ്ങൾ കാറ്റുംമഴയുമേറ്റ് കിടന്ന് ഭൂമിയോട് കാലക്രമേണ പൊടിഞ്ഞുതീരുന്നതിൽ നിന്ന് വ്യത്യസ്തമായി വളരുന്ന,സഞ്ചരിക്കുന്ന കല്ല്. കല്ലിന്റെ രൂപമുള്ള വല്ല ജീവികളെ കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് തെറ്റിദ്ധരിക്കല്ലേ.
സംഗതി കല്ല് തന്നെയാണ് റുമേനിയയിലാണ് ഈ അത്ഭുതമുള്ളത്. അനങ്ങാനും വളരാനും സാധിക്കുന്ന അത്ഭുതക്കല്ലുകൾ. റുമേനിയയിലെ കോസ്‌തേഷിയയിലാണ് ട്രൊവന്റ്‌സ് എന്നറിയപ്പെടുന്ന ഈ കല്ലുകളുള്ളത്. വളരാനും വിഭജിക്കാനും സ്വയം സഞ്ചരിക്കാനും പ്രത്യേകിച്ചാരുടെയും സഹായം ആവശ്യമില്ലാത്ത പാറകളാണിവ. പ്രത്യേകതകൾ ഏറെയാണ് ഇവയുടെ ഘടനയ്ക്കും. ചില മനുഷ്യരെ പോലെ പുറമേ അതിലോലനും അകമെ കഠിനഹൃദയരുമാണ് ട്രൊവന്റ്‌സ് കല്ലുകളും . കാഠിന്യമേറിയ കല്ലാണ് പാറയുടെ ഉൾഭാഗം പുറംപാളി മണൽക്കൊണ്ട് നിർമ്മിച്ചതും. വിചിത്രമെന്ന് തോന്നുമെങ്കിലും ഈ ലോലമായ ഭാഗമാണ് കല്ലിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവുന്നത്.
മഴപെയ്താൽ ഇവയ്ക്കുള്ളിലെ സാൻഡ്‌സ്റ്റോൺ സിമന്റിന് സമാനമായി കട്ടിയാവുകയും കല്ല് വളർന്നതായി തോന്നുകയും ചെയ്യുന്നു. കനത്ത മഴയ്ക്ക് ശേഷം ട്രാവന്റുകൾ മഴയുടെ ധാതുക്കളെ ആഗിരണം ചെയ്യുമ്പോൾ, ധാതുക്കൾ കല്ലിൽ ഇതിനകം അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നു. ഇത് സമ്മർദ്ദ പ്രതികരണത്തിന് കാരണമാകുന്നു, ഇത് പാറകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
ഏതാനും മില്ലിമീറ്റർ മുതൽ 10 മീറ്റർ വ്യാസത്തിൽ വരെ വളർച്ചയുണ്ടാവും. റുമേനിയയിലെ ഗ്രാമവാസികൾ പറയുന്നത് ട്രൊവന്റ്‌സ് കല്ലുകൾക്ക് സ്വയം വിഭജിക്കാനുമുള്ള ശേഷിയുണ്ടെന്നാണ്. ചെടികളിലും മറ്റും പുതുനാമ്പുകൾക്കായി മുകുളങ്ങൾ ഉണ്ടാവുന്നത് പോലെ തുടക്കത്തിൽ ചെറുമുകളം പാറയിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് വളർന്ന് വലുതായി പാറയിൽ നിന്ന് വിട്ട് മാറാനും തുടങ്ങിം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഗവേഷകർ ഈ പാറകളെ പൊട്ടിച്ച് ഉൾഭാഗം പരിശോധിച്ചു. അപ്പോഴും കണ്ടെത്താനായത് ഉറച്ചുപോയ മണലും ധാതുലവണങ്ങളും മാത്രം.
ട്രൊവന്റ്‌സ് കല്ലുകളെ ചുറ്റിപ്പറ്റി പലസിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. ചിലർ പറയുന്നത് ഇവ ജീവന്റെ സിലിക്കൺ രൂപങ്ങളാണെന്നാണ്. മറ്റുചിലർ പറയുന്നതാകട്ടെ ഇവയ്ക്ക് ശ്വസിക്കാനാകുമെന്നാണ്. ആഴ്ചകളും മാസങ്ങളും ഒക്കെ എടുത്താണേ്രത ശ്വസനം. ചിലർ മനുഷ്യർക്ക് സമാനമായ പൾസ് പോലും ഈ കല്ലുകൾക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നു.













Discussion about this post