ന്യൂഡൽഹി: ചൈനീസ് നിർമ്മിത സിസിടിവികൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്താൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ ദേശീയ മാദ്ധ്യമം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമ അറിയിപ്പ് പുറത്തുവിടും.
ലെബനനിൽ പേജർ പൊട്ടിത്തെറിച്ച് ഹിസ്ബുൾ ഭീകരർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ രാജ്യത്ത് ചൈനീസ് നിർമ്മിത സിസിടിവികൾക്ക് നിരോധനം കൊണ്ടുവരുന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത സിസിടിവികളും ഇവയുടെ അനുബന്ധ ഭാഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഈ മാസം 8 ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിയ്ക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ വിപണിയിലെ ചൈനീസ് പ്രാതിനിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് സിസിടിവികൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് എന്നാണ് വിവരം. രാജ്യ സുരക്ഷ പരിഗണിച്ചാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. നിലവിൽ സിസിടിവി വ്യാപാര രംഗത്ത് ചൈനയ്ക്കാണ് മേൽക്കൈ. ഇത് ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ഹിക്ക്‌വിഷൻ, ദഹുവ എന്നീ ചൈനീസ് കമ്പനികളാണ് നിലവിൽ ഇന്ത്യയിൽ സിസിടിവികൾ വ്യാപകമായി വിറ്റഴിയ്ക്കുന്നത്. ഇവയ്‌ക്കൊപ്പം സിപി പ്ലസ് എന്ന തദ്ദേശീയ കമ്പനിയും ഉണ്ട്. ഇന്ത്യൻ സിസിടിവി വിപണിയുടെ 60 ശതമാനത്തോളം ഈ കമ്പനികളുടെ ഉത്പന്നങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് സിസിടിവികളുടെ നിരോധനം ഇന്ത്യൻ കമ്പനികൾക്ക് ഗുണമേകും.
Discussion about this post