ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ന് ചരിത്ര മുഹൂര്‍ത്തത്തിന് ആണ് സാക്ഷ്യം വഹിച്ചത്. ഇന്ന് നടന്ന അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ വാൽമീകി സമുദായത്തില്‍ പെട്ടവരും പടിഞ്ഞാറൻ പാകിസ്ഥാൻ അഭയാർത്ഥികളും ആദ്യമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. ജമ്മു മേഖലയിലെ വിവിധ ഭാഗങ്ങളിൽ സ്ഥിരതാമസമാക്കിയ ഗൂർഖകളും 2024ലെ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ജമ്മു, സാംബ, കത്വ ജില്ലകളുടെ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന, 1.5 ലക്ഷത്തിലധികം ആളുകൾ ഉൾപ്പെടുന്ന ഈ മൂന്ന് സമുദായങ്ങളിലെ അംഗങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി. 1947-ൽ പാകിസ്ഥാനിൽ നിന്ന് കുടിയേറിയ പടിഞ്ഞാറൻ പാകിസ്ഥാൻ അഭയാർത്ഥികൾക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രം വോട്ട് ചെയ്യാന്‍ ആയിരുന്നു അവകാശം ഉണ്ടായിരുന്നത്.
പിന്നീട്, 2019 ലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് അവരുടെ പദവിയിൽ വന്ന സമീപകാല മാറ്റങ്ങൾ ജനാധിപത്യ പ്രക്രിയയിൽ കൂടുതൽ പങ്കാളിത്തത്തിന് വഴിയൊരുക്കി.
‘ഞാൻ എന്റെ 45-ാം വയസ്സിൽ ആദ്യമായി വോട്ടു ചെയ്യുന്നു. ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ എല്ലാവരും. ഇത് ഞങ്ങൾക്ക് ഒരു വലിയ ഉത്സവം പോലെയാണ്’- ഒരു വോട്ടര്‍ പ്രതികരിച്ചു.
Discussion about this post