ലഖ്‌നൗ : ഒരു ഐഫോണിനായി നാടിനെ നടുക്കുന്ന കണ്ണില്ലാത്ത ക്രൂരതയാണ് ഉത്തർപ്രദേശിൽ അരങ്ങേറിയിരിക്കുന്നത്. ഒന്നരലക്ഷം രൂപ വിലവരുന്ന ഐഫോൺ തട്ടിയെടുക്കുന്നതിനായി ഫ്ലിപ്കാർട്ട് ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി. ലഖ്‌നൗവിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. നിഷാദ്ഗഞ്ച് സ്വദേശിയായ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ഭരത് സാഹു ആണ് കൊല്ലപ്പെട്ടത്.
30 കാരനായ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെ രണ്ട് പേർ ചേർന്നാണ് കൊലപ്പെടുത്തിയത് . 2024 സെപ്തംബർ 23നായിരുന്നു കൊലപാതകം നടന്നത്. ഭരത് സാഹുവിനെ കൊലപ്പെടുത്തിയ ശേഷം ഇന്ദിരാ കനാലിൽ തള്ളുകയായിരുന്നു. രണ്ട് ദിവസമായിട്ടും സാഹു വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ കുടുംബം സപ്തംബർ 25 ന് ചിൻഹട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ചിൻഹട്ട് സ്വദേശിയായ ഗജാനനും കൂട്ടാളിയും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. ഗജാനൻ ആണ് ഫ്ലിപ്കാർട്ടിലൂടെ ഒന്നര ലക്ഷം രൂപ വില വരുന്ന ഐഫോൺ ഓർഡർ ചെയ്തിരുന്നത്. ക്യാഷ് ഓൺ ഡെലിവറി രീതിയിലൂടെയാണ് ഇയാൾ ഐഫോൺ ഓർഡർ ചെയ്തത്. തുടർന്ന് ഫോണുമായി എത്തിയ ഡെലിവറി ബോയിയെ ഇയാളും സഹായിയും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്ന് കനാലിൽ തള്ളുകയായിരുന്നു. ഭരതിന്റെ ഫോൺ കോളുകളും അവസാന ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗജാനനെയും സഹായിയായ ആകാശിനെയും അറസ്റ്റ് ചെയ്തത്.
Discussion about this post