സൊമാലിയൻ കടൽക്കൊള്ളക്കാർ, ഒരേസമയം നമ്മൾ ദേഷ്യത്തോടെയും അൽപ്പം കൗതുകത്തോടെയും വീക്ഷിക്കുന്നവർ. നീയെന്താടാ സൊമാലിയയിൽ നിന്ന് വന്നതാണോ എന്ന പരിഹാസം പോലും സംസാരഭാഷയിൽ ഉൾപ്പെടുത്തിയ നമുക്ക് എങ്ങനെയാണ് സൊമാലിയ നമുക്ക് വെറുക്കപ്പെട്ടവരും പട്ടിണിപാവങ്ങളുടെയും കള്ളൻമാരുടെ നാടുമായത് ?ദാരിദ്ര്യത്തിന്റെ പര്യായമായി സൊമാലിയെ കുറ്റപ്പെടുത്തുന്നവർക്കറിയുമോ ആ കഥ?
കിഴക്കേ ആഫ്രിക്കയിൽ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭൂഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് സൊമാലിയ. സൊമാലി റിപ്പബ്ലിക് എന്നാണ് ഔദ്യോഗികനാമം. ജിബൂട്ടി (വടക്കുപടിഞ്ഞാറ്), കെനിയ (തെക്കുപടിഞ്ഞാറ്), ഏദൻ ഉൾക്കടൽ, യെമെൻ (വടക്ക്), ഇന്ത്യൻ മഹാസമുദ്രം (കിഴക്ക്), എത്യോപ്യ (പടിഞ്ഞാറ്) എന്നിവയാണ് സൊമാലിയയുടെ അതിർത്തികൾ. ഇന്ന് സൊമാലി ഭരണകൂടം നാമമാത്രമായി മാത്രമേ നിലനിൽക്കുന്നുള്ളൂ. സൊമാലിയയ്ക്ക് അംഗീകരിക്കപ്പെട്ട ഒരു കേന്ദ്രഭരണകൂടമോ ഒരു സ്വതന്ത്ര രാഷ്ട്രവുമായി ബന്ധപ്പെടുത്താവുന്ന എന്തെങ്കിലും സ്വഭാവ വിശേഷങ്ങളോ ഇല്ല. ഐക്യരാഷ്ട്രസഭ അംഗീകരിച്ച, താൽക്കാലിക ഫെഡെറൽ സർക്കാർ (അടുത്തകാലം വരെ ബൈദോവ മാത്രമായിരുന്നു.രാജ്യത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ സർക്കാരിനെ അംഗീകരിക്കാതെ സ്വയംഭരണം നടത്തുന്ന പ്രവിശ്യകളാണ് ഈ നാടിന്റെ ഒരുശാപം.
ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളുടെ കോളനി ഭരണത്തിന് കീഴിലായിരുന്ന പ്രദേശങ്ങൾ ഏകീകരിച്ച് 1960-ലാണ് സൊമാലിയ നിലവിൽ വരുന്നത്. ഒൻപത് വർഷങ്ങൾക്ക് ശേഷം പട്ടാളത്തലവൻ സിയാദ് ബാരെ അധികാരം പിടിച്ചെടുത്തു. 1991-ൽ വിവിധ ഗോത്രവിഭാഗങ്ങളുടെ സംയുക്തസേന യുണൈറ്റഡ് സൊമാലി കോൺഗ്രസ് ഭരണത്തിലെത്തി. പക്ഷേ, ഗോത്രസേനകൾ തമ്മിലുള്ള ഏറ്റമുട്ടലും തുടർച്ചയായ സംഘർഷങ്ങളുമായിരുന്നു അനന്തരഫലം. ആഭ്യന്തരയുദ്ധവും ക്ഷാമവും തകർത്ത രാജ്യത്തെ രക്ഷിക്കാൻ 1992-ൽ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. സഹായവുമായെത്തിയ യു.എൻ സംഘത്തെ പക്ഷേ സൊമാലിയൻ വിമതസൈന്യം ആക്രമിച്ചു. 1995-ൽ സൈനികാക്രമണം നടത്തിയാണ് സൊമാലിയയിലുണ്ടായിരുന്ന ആറായിരത്തിലേറെ യു.എൻ ദൗത്യസംഘാംഗങ്ങളെ അമേരിക്ക രക്ഷിച്ചത്. പിന്നീട് താരതമ്യേന സമാധാനപരമായിരുന്ന സോമാലിലാൻ)ഡും പുത്ലാൻഡും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സൊമാലിലാൻഡിന് ഇതുവരേയും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടില്ല. പുത്ലാൻഡ് ഫെഡറൽ സോമാലിയൻ സംവിധാനത്തിന്റെ ഭാഗമായി തന്നെ നിൽക്കുകയാണ് ചെയ്തത്. 1998-ൽ സ്വയംഭരണം പ്രഖ്യാപിച്ച പുത്ത്ലാൻഡ് പ്രവിശ്യയാണ് സൊമാലിയയിൽ കടൽക്കൊള്ളക്കാരുടെ കേന്ദ്രം.
ഐക്യരാഷ്ട്രസഭ, 2011 സെപ്റ്റംബർ 5 തിങ്കളാഴ്ച വെളിപ്പെടുത്തിയതനുസരിച്ചു ,അറുപതു വർഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമം നേരിടുന്ന സൊമാലിയയിൽ 40 ലക്ഷം പേർ പട്ടിണികൊണ്ടു വലയുന്നു.. അടിയന്തര സഹായം ലഭ്യമായില്ലെങ്കിൽ ഇവിടെ ഏഴര ലക്ഷം പേർ വൈകാതെ മരിച്ചു വീഴും. എട്ട് മാസം മുമ്പ് പട്ടിണി ബാധിതരുടെ എണ്ണം 24 ലക്ഷമായിരുന്നു. പതിനായിരങ്ങൾ മരിച്ചു. അതിൽ പാതിയും കുട്ടികളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാർഷികസംഘടനയുടെ കണക്ക്. രാജ്യത്തെ ആറ് മേഖലകളിൽ ഭക്ഷണം തീരെയില്ലാത്ത അവസ്ഥയാണ്. അടിയന്തര സഹായം ആവശ്യമുള്ള 40 ലക്ഷം പേരിൽ 30 ലക്ഷവും രാജ്യത്തിന്റെ തെക്കൻ മേഖലയിൽ കഴിയുന്നവരാണ്. കടുത്ത വരൾച്ചയാണ് സൊമാലിയയിലെ കൊടും വറുതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1991-മുതൽ ഭരണസ്ഥിരതയില്ലാത്തതും വിമതരും സർക്കാർ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപ് ഇത്രയ്ക്ക് പട്ടിണിയും പരിവട്ടവും അനുഭവിച്ചിരുന്ന രാജ്യമായിരുന്നില്ല സൊമാലിയ. പഴങ്ങൾ കൃഷിചെയ്തും കന്നുകാലികളെ വളർത്തിയും മത്സ്യബന്ധനം നടത്തിയും അന്നന്നത്തെ വക കണ്ടെത്തിയിരുന്ന ഒരു സാധാരണ ആഫ്രിക്കൻ രാജ്യം. എന്നാൽ സമാധാനത്തോടെ ജീവിച്ച് പോന്നിരുന്ന ആ ജനതയ്ക്ക് മേൽ വിദേശ ഫിഷിംഗ് ട്രോളറുകളുമായി ആളുകളെത്തിയത്. സെമാലിയൻ ജനതയ്ക്ക് മേലുള്ള ഇടിത്തീയായിരുന്നു വിദേശ ഫിഷിംഗ് ട്രോളറുകൾ. ഇതോടെ സ്വന്തം രാജ്യത്തെ തീരദേശമേഖല സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ ചിലഗ്രൂപ്പുകൾ സൊമാലിയയിൽ രൂപം കൊണ്ടു. യൂറോപ്യൻ രാജ്യങ്ങളിലെ ആണവമാലിന്യങ്ങൾ കൊണ്ട് വന്നു തള്ളാനും സോമാലിയൻ കടൽത്തീരം ഉപയോഗപ്പെടുത്തിയതോടെ അവരുടെ മീൻ ബോട്ടുകൾക്ക് പുറത്തിറങ്ങാൻ പറ്റാതെയായി. വികിരണങ്ങൾ കൊണ്ടുണ്ടായ രോഗങ്ങൾ കൊണ്ട് സോമാലിയൻ ജനത പൊറുതിമുട്ടിയപ്പോൾ ഇത് രണ്ടിനെയും തടയാൻ ആയുധങ്ങൾ കയ്യിലേന്തിയ പല ലോക്കൽ ഗ്രൂപ്പുകളും പിന്നീട് കപ്പലുകൾ പിടിച്ചെടുക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അതിൽ നിന്നും ലഭിച്ച വമ്പിച്ച ലാഭം സൊമാലിയക്കാരുടെ കഞ്ഞ് മഞ്ഞളിപ്പിച്ചു. ഇതോടെ കടൽക്കൊള്ളയെന്നത് അവരുടെ തൊഴിലും ബിസിനസുമായി മാറി. കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ലോക ഷിപ്പിംഗ് വ്യവസായത്തെ തോക്കിൻമുനകളിൽ നിർത്തി 500 മില്യൺ ഡോളർ മോചനദ്രവ്യമാണ് ഈ കടൽക്കൊള്ളക്കാർ സ്വന്തമാക്കിയത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയോ ലക്ഷ്യങ്ങളോ ഇല്ലായിരുന്നു. പണം മാത്രമാണ് അവരുടെ ലക്ഷ്യം. കപ്പൽ റാഞ്ചിയാലുടനെ ഉപഗ്രഹസംവിധാനം വഴി കപ്പലുടമകളേയും നയതന്ത്രപ്രതിനിധികളേയും വിവരം അറിയിക്കുക. തുടർന്ന് വിലപേശി പണം കൈക്കലാക്കുക. ഇതായിരുന്നു അവരുടെ രീതി . ഇതിനുള്ള എല്ലാ സംവിധാനങ്ങളും കൊള്ളക്കാരുടെ പക്കലുണ്ട്. മീൻപിടുത്ത തൊഴിലാളികളും വിമതസേനാംഗങ്ങളും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘമാണ് കൊള്ള നടത്തിയിരുന്നത്. കടലിന്റെ ഗതിവേഗങ്ങൾ ഇവർക്ക് ഏത് നാവികരേക്കാളും മനപ്പാഠവുമാണ്. ചരക്കുകപ്പലിന്റെ വേഗവും ദിശയും മനസിലാക്കിയാൽ സ്പീഡ് ബോട്ടുകളിൽ അതിനെ വളയുകയും തന്ത്രപരമായി കപ്പലിൽ പ്രവേശിക്കുകയും ചെയ്യും
ഒട്ടേറെ ദുഷ്പ്രവൃത്തിയും ക്രൂരതകളും നിറഞ്ഞതാണ് ഇവരുടെ നിയമവിരുദ്ധപ്രവൃത്തികളെങ്കിലും രാജ്യത്തെ വിവാഹമാർക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള ആളുകളാണ് കടൽക്കൊള്ളക്കാർ. ആ രാജ്യത്ത് ഇത്രയേറെ നിലയും വിലയുമുള്ള കൂട്ടരുണ്ടോ എന്ന് പോലും സംശയമാണ്. അമേരിക്കൻ ഡോളറുകൾ കൊണ്ട് അമ്മാനമാടുന്ന അവർ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാക്കൻമാർ തന്നെ. ചരക്കുമായി പോകുന്ന കപ്പലുകൾക്ക് സൊമാലിയക്കാർ ഭീഷണിയായി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സംയുക്ത നാവികസേന പട്രോളിംഗും സംരക്ഷണവുമായി സജീവമാണ്. നിരവധി പേരെയാണ് ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരുടെ കയ്യിൽനിന്ന് രക്ഷിച്ചത്.
Discussion about this post