ന്യൂയോർക്ക് : പരസ്യമായി നിയമലംഘനത്തിന് ആഹ്വാനം ചെയ്ത് ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി. ന്യൂയോർക്കിലെ അനധികൃത കുടിയേറ്റക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് മംദാനി പരസ്യമായി നിയമലംഘനത്തിന് ആഹ്വാനം ചെയ്തത്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റുമാർ ന്യൂയോർക്കിൽ നടത്തുന്ന റെയ്ഡുകളിൽ സഹകരിക്കാതിരിക്കാനും അനുസരിക്കാതിരിക്കാനും എല്ലാവർക്കും അവകാശം ഉണ്ടെന്നാണ് സൊഹ്‌റാൻ മംദാനി പ്രഖ്യാപിച്ചിരിക്കുന്നത്.
“മേയർ എന്ന നിലയിൽ, ഓരോ ന്യൂയോർക്കുകാരന്റെയും അവകാശങ്ങൾ ഞാൻ സംരക്ഷിക്കും. ഈ നഗരത്തെ തങ്ങളുടെ വീട് എന്ന് വിളിക്കുന്ന 3 ദശലക്ഷത്തിലധികം കുടിയേറ്റക്കാരും ഇതിൽ ഉൾപ്പെടുന്നു,” എന്ന് ഒരു പൊതു പരിപാടിയിൽ പ്രസംഗിക്കുമ്പോൾ സൊഹ്‌റാൻ മംദാനി പറഞ്ഞു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) പരിശോധനകൾക്കായി വരുമ്പോൾ ഈ പരിശോധനകൾ തടയാനും വാതിൽ അടച്ചിരിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട് എന്നും മംദാനി പ്രഖ്യാപിച്ചു. ജനുവരി 1 ന് മംദാനി മേയറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപാണ് ഇത്തരം ഒരു പരസ്യ നിയമലംഘനത്തിന് പിന്തുണ നൽകിയിരിക്കുന്നത്.
“ന്യൂയോർക്ക് എല്ലായ്‌പ്പോഴും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യും, അവരുടെ സുരക്ഷയ്ക്കും പിന്തുണക്കും അന്തസ്സിനും വേണ്ടി ഞാൻ എല്ലാ ദിവസവും പോരാടുന്നത് തുടരും” എന്ന് ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ മംദാനി വ്യക്തമാക്കി. നിരവധി യുഎസ് നഗരങ്ങളിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം അടുത്തിടെ വലിയ തോതിലുള്ള റെയ്ഡുകൾ ആരംഭിച്ച സാഹചര്യത്തിലാണ് മംദാനിയുടെ ഈ പ്രസ്താവന.










Discussion about this post