ബാങ്കോക്ക് : തായ്‌ലൻഡ്-കംബോഡിയ സംഘർഷം താൻ പരിഹരിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കിന് പുല്ലുവില കൽപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളിലും വീണ്ടും ഏറ്റുമുട്ടൽ. വെടിനിർത്തൽ കരാർ ലംഘിച്ച് ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു തായ് സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജൂലൈയിൽ 43 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്ത അഞ്ച് ദിവസത്തെ മാരകമായ സംഘർഷം താൻ പൂർണ്ണമായും അവസാനിപ്പിച്ചതായി ഡൊണാൾഡ് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്. ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്.
കംബോഡിയ ആണ് ആദ്യം വെടിനിർത്തൽ കരാർ ലംഘിച്ചത് എന്നാണ് തായ്‌ലൻഡ് സൂചിപ്പിക്കുന്നത്. തായ്‌ലൻഡ് അതിർത്തിയിൽ കംബോഡിയ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് തായ്‌ലൻഡ് തിരിച്ചടിച്ചു. മണിക്കൂറുകൾക്ക് ശേഷം, അതിർത്തിയിലെ കംബോഡിയൻ സൈനിക സ്ഥാനങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി തായ്‌ലൻഡ് സ്ഥിരീകരിച്ചു.









Discussion about this post