ആലപ്പുഴ: സേവനത്തിനിടയില്‍ കൊല്ലപ്പെട്ട തങ്ങളുടെ മകളുടെ സ്വപ്നം പൂര്‍ത്തിയാക്കി ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. മകളുടെ ഏറ്റവും വലിയ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം വന്ദനയുടെ മാതാപിതാക്കള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ഡോ.വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക്ക് ഈ മാസം പത്തിന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ പ്രവർത്തനം ആരംഭിക്കും.
തൃക്കുന്നപ്പുഴയിലെ പല്ലനയാറിന്റെ തീരത്തെ അമ്മവീടിനടുത്ത് ഒരു ആശുപത്രി വന്ദനയുടെ സ്വപ്നമായിരുന്നു. വന്ദനയുടെ അമ്മ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സെപ്റ്റംബർ പത്തിന് വന്ദനയുടെ പിറന്നാള്‍ ദിനത്തിലാണ് ക്ലിനികിന്റെ ഉദ്ഘാടനം. അധികം വൈകാതെ തന്നെ ചികിത്സയും ആരംഭിക്കും. സ്ഥിരമായി രണ്ട് ഡോക്ടർ മാരുടെ സേവനം ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർത്ഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്.
Discussion about this post