ലണ്ടന്‍: 2050ഓടേ ഇന്ത്യ സൂപ്പര്‍ പവര്‍ രാജ്യങ്ങളിലൊന്നാകുമെന്ന് പ്രവചിച്ച് മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലയര്‍. ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയും ചൈനയും സൂപ്പര്‍ പവര്‍ രാജ്യങ്ങളായി ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള നേതാക്കള്‍ നാവിഗേറ്റ് ചെയ്യാന്‍ തയ്യാറാകേണ്ട ഒരു ‘സങ്കീര്‍ണ്ണമായ ലോകക്രമം’ ഈ രാജ്യങ്ങള്‍ സൃഷ്ടിക്കുമെന്നും ടോണി ബ്ലെയര്‍ പ്രവചിച്ചു.
ദി സ്‌ട്രെയിറ്റ്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ യുകെ പ്രധാനമന്ത്രി ഭാവിയില്‍ ലോകക്രമം ആര് നിയന്ത്രിക്കുമെന്ന തരത്തിലുള്ള പ്രവചനം നടത്തിയത്്. ഈ മൂന്ന് രാജ്യങ്ങള്‍ രൂപപ്പെടുത്തുന്ന ഒരു ബഹുധ്രുവ ലോകവുമായി മറ്റ് ലോകരാജ്യങ്ങള്‍ പൊരുത്തപ്പെടേണ്ടതായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇനി മുന്നോട്ട് നിങ്ങളുടെ രാജ്യം ലോകത്ത് ആരുമായാണ് യോജിക്കേണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. കാരണം ഭാവിയില്‍ അത് ബഹുധ്രുവമാകാന്‍ പോകുന്ന ഒരു ലോകമായിരിക്കും. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ, മൂന്ന് സൂപ്പര്‍ പവറുകള്‍ ഉണ്ടാവും. അവ അമേരിക്ക, ചൈന, ഒരുപക്ഷേ ഇന്ത്യയും ആയിരിക്കും’- ടോണി ബ്ലെയര്‍ പറഞ്ഞു.
1997 മുതല്‍ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബ്ലെയര്‍, നിലവിലെ ആഗോള സാഹചര്യം തന്റെ ഭരണകാലത്തെക്കാള്‍ സങ്കീര്‍ണ്ണമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ആഗോളതലത്തില്‍ അമേരിക്ക മാത്രമായിരുന്നു സൂപ്പര്‍ പവര്‍.
ചൈനയുടെയും ഇന്ത്യയുടെയും ഉയര്‍ച്ച ആഗോളരാഷ്ട്രീയ തലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ഇത് നിലവിലെ ആഗോള സഖ്യങ്ങളുടെയും നയതന്ത്ര തന്ത്രങ്ങളുടെയും സമവാക്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നത് കൂടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post