റാഞ്ചി : ഝാർഖണ്ഡിലെ വനവാസി ഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ’ എന്ന് ഈ പദ്ധതിയിലൂടെ വിവിധ ഗോത്രവർഗ്ഗ വിഭാഗങ്ങൾക്ക് ഗുണം ലഭിക്കുന്നതായിരിക്കും. 63,000 ആദിവാസി ഗ്രാമങ്ങളെയാണ് പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
80,000 കോടി രൂപ മുതൽമുടക്കിലാണ് ഝാർഖണ്ഡിലെ ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 5 കോടിയിലധികം ആളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി.
ഗോത്രവർഗ യുവാക്കൾക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നതോടെ നമ്മുടെ വനവാസി സമൂഹം പുരോഗതി പ്രാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനായി വനവാസി മേഖലകളിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ നിർമ്മിക്കും. ഇതിനകം തന്നെ കേന്ദ്രസർക്കാർ ജാർഖണ്ഡിൽ 40 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ നിർമ്മിച്ചിട്ടുണ്ട്. പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി 2800 കോടി രൂപ ചിലവിൽ 25 പുതിയ സ്കൂളുകൾ കൂടി നിർമ്മിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post