ലക്‌നൗ: ലൗ ജിഹാദ് ഭാരതത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാണെന്ന് ഉത്തർപ്രദേശ് കോടതി. ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഉത്തർപ്രദേശ് അഡീഷണൽ ഡിസ്ട്രിക്റ്റ് കോടതിയ്ക്ക് മുൻപാകെയായിരുന്നു കേസ് എത്തിയത്.
പ്രതി 25 കാരനായ മുഹമ്മദ് അലിം 20 കാരിയായ വിദ്യാർത്ഥിനിയെയാണ് ലൗ ജിഹാദിന് ഇരയാക്കാൻ ശ്രമിച്ചത്. ആനന്ദ് എന്ന പേരിൽ കുട്ടിയുമായി സൗഹൃദത്തിലായ അലിം പിന്നീട് കുട്ടിയെ പ്രണയം നടിച്ച് വലയിൽ വീഴ്ത്തുകയായിരുന്നു. വിവാഹം കഴിക്കാമെന്ന പേരിൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീട് മതം മാറാൻ നിർബന്ധിയ്ക്കുകയായിരുന്നു. എന്നാൽ മതം മാറില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി. ഇതോടെ ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി പോലീസിൽ പരാതി നൽകി. ഇതിൽ കേസ് എടുത്ത പോലീസ് അലിമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് രവി കുമാർ ദിവാകർ ആണ് കേസ് പരിഗണിച്ചത്. ഇത്തരത്തിൽ പെൺകുട്ടികളെ മതപരിവർത്തനത്തിന് ഇരയാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെയും ഐക്യത്തെയും ബാധിക്കുമെന്ന് നിരീക്ഷിച്ച അദ്ദേഹം പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. നിയമപരമല്ലാത്ത മതപരിവർത്തനം ഇന്ത്യയ്ക്ക് പാകിസ്താനിലെയും ബംഗ്ലാദേശിലെയും അവസ്ഥയുണ്ടാക്കുമെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ ദിവാകർ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും ഇത് ഭീഷണിയാണ്. വിദേശത്ത് നിന്നും പണം സ്വീകരിച്ചാണ് ഇത്തരം പ്രവർത്തനങ്ങളിൽ ആളുകൾ ഏർപ്പെടുന്നത്. ഇതിൽ കർശനമായ ഇടപെടൽ ആവശ്യമാണെന്നും ദിവാകർ വ്യക്തമാക്കി. അലിമിന് പുറമേ ഇയാളുടെ 65 വയസ്സുള്ള പിതാവിനും കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
Discussion about this post