തിരുവനന്തപുരം: ഒക്ടോബർ മുതൽ വിഷപാമ്പുകൾ ഇണചേരുന്ന കാലമായതിനാൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. സംസ്ഥാനത്ത് ഒറ്റ മാസത്തിൽ പാമ്പുകടിയേറ്റ് മരണപ്പെട്ടത് എട്ടുപേരാണ്. ഇതിലധികം പേർക്ക് പാമ്പുകടിയുമേറ്റു. ഈ കഴിഞ്ഞ സെപ്തംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്.
ഒളിയിടങ്ങളിൽ കഴിയുന്ന വെള്ളിക്കെട്ടൻ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷംകൂടിയ പാമ്പുകളുടെ ഇണചേരലും പ്രജനനകാലവുമാണ് ഒക്ടോബർ മുതൽ. ഇക്കാലത്ത് പാമ്പുകൾ പതിവിലധികം അക്രമകാരികളാകും. അതിനാൽ പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നിവയുടെയെല്ലാം പ്രജനനകാലമാണിത്. അതുകൊണ്ടുതന്നെ രാത്രി പ്രത്യേകം ശ്രദ്ധവേണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ ഒളിച്ചുകഴിയുന്ന വെള്ളിക്കെട്ടൻ പാമ്പ് പ്രജനനകാലത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളത്. പെൺപാമ്പുകളുടെ ഫിറോമോണുകൾ തിരിച്ചറിഞ്ഞ് അവയുടെ അടുത്തേക്ക് പലയിടങ്ങളിൽ നിന്നും ആൺ പാമ്പുകൾ ഇഴഞ്ഞെത്തുന്നതിനാലാണ് അവ ഒളിയിടങ്ങളിൽ നിന്നും പുറത്ത് വരുന്നത്. ഈ സമയം ആൺപാമ്പുകൾ തമ്മിൽ കണ്ടാൽ ആക്രമാസക്തരാകുകയും ഇണചേരൽ കാലത്ത് മനുഷ്യരെ കണ്ടാൽ ഇഴഞ്ഞുമാറാതെ ആക്രമിക്കാനും സാധ്യതയുണ്ട്.
ഒരേ സ്ഥലത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാൻ സാധ്യതയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ പാമ്പുകൾ മുട്ടയിടും. 40 മുതൽ 70 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. ശാന്തരായ പാമ്പുകളും ഇണചേരൽ കാലത്ത് ആക്രമണകാരികളായേക്കും. അതിനാൽ പാമ്പുകളെ പിടിക്കാനെത്തുന്ന റെസ്‌ക്യൂവർമാരും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണം. ആരോഗ്യപ്രവർത്തകരുടെ ലഭ്യതയും പ്രധാനമാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
Discussion about this post