പ്രപഞ്ചരഹസ്യങ്ങളുടെ പര്യവേഷണത്തിനായി ഏറെക്കാലത്തെ പരിശീലനത്തിനൊടുവിൽ ബഹിരാകാശത്തേക്ക് പറക്കുന്ന യാത്രികരെ കണ്ടിട്ടില്ലേ… ഓരോ രാജ്യത്തിന്റെയും അഭിമാനം മുറുകെ പിടിച്ച് ഭൂമിയുമായുള്ള ബന്ധം ഒരർത്ഥത്തിൽ വിച്ഛേദിച്ചാണവരുടെ യാത്ര. ഭൂമിയിലേത് പോലെ ഒരു സൗകര്യമോ സാഹചര്യമോ അല്ല ബഹിരാകാശത്ത് എന്നതിനാൽ വളരെ ബുദ്ധിമുട്ടേറിയതാണ് ഓരോ ദൗത്യവും. പ്രത്യേക ഭക്ഷണസാധനങ്ങൾ,ക്യാപ്‌സ്യൂളുകൾ,കഠിനമായ പരിശീലനം,ധൈര്യം,ക്ഷമ,അറിവ്,ആരോഗ്യം,സാങ്കേതികവിദ്യ അങ്ങനെ പല ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ് ഓരോ ദൗത്യവും പൂർണമാകുന്നത്.
ഓരോ ബഹിരാകാശ യാത്രയിലും സഞ്ചാരികൾ അനേകം കഷ്ടതകളാണ് അനുഭവിക്കുന്നത്.ബഹിരാകാശത്തെ അന്തരീക്ഷം യാത്രികരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. മൈക്രോഗ്രാവിറ്റി, റേഡിയേഷൻ എക്സ്പോഷർ, പരിമിതമായ ജീവിത സാഹചര്യങ്ങൾ, ഒറ്റപ്പെടൽ എന്നീ സാഹചര്യങ്ങളാണ് ഇവർ നേരിടുന്നത്. ഇവ മനുഷ്യശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും സ്വാധീനിക്കാം. ഇത് ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.
ഗുരുത്വാകർഷണ ശക്തി ഇല്ലാത്തതിനാൽ ഫ്ലൂയിഡ് ശരീരത്തിന്റെ മുകൾഭാഗത്തേക്ക് മാറുകയും ഇത് മുഖത്തെ വീക്കത്തിനും കാലുകളിലും പാദത്തിലും ഫ്ലൂയിഡ് കുറയുന്നതിനും കാരണമാകും. ഫ്ലൂയിഡിലെ ഈ മാറ്റം രക്തത്തിന്റെ അളവ് കുറയുന്നതിനും രക്തസമ്മർദത്തിലെ വ്യതിയാനത്തിനും കാരണമാകും. കാലക്രമേണ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഓർത്തോസ്റ്റാറ്റിക് ഇൻടോളറൻസിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ബഹിരാകാശ യാത്രികർക്ക് നിൽക്കുമ്പോൾ തലകറക്കമോ ബോധക്ഷയമോ അനുഭവപ്പെടാം.
നിരന്തരമായ മൈക്രോഗ്രാവിറ്റി കാരണം ഭാരം താങ്ങുന്ന എല്ലുകളായ പെൽവിസ്, നട്ടെല്ല്, തുടയെല്ല് എന്നിവിടങ്ങളിലെ എല്ലുകളുടെ സാന്ദ്രത നഷ്ടമാകാം. പഠനങ്ങൾ കാണിക്കുന്നത് നീണ്ട ദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്ക് എല്ലുകളുടെ സന്ദ്രത ഒന്ന് മുതൽ രണ്ട് ശതമാനം വരെ നഷ്ടമാകാമെന്നാണ്. ഈ അസ്ഥിനഷ്ടം ഒസ്റ്റിയോപൊറോസിസിന് സമാനമാണ്.
മറ്റൊരു കാര്യം ബഹിരാകാശ സഞ്ചാരികളുടെ ഉയരം ബഹിരാകാശത്തെത്തുമ്പോൾ വർദ്ധിക്കും. മൊത്തം ഉയരത്തിന്റെ ഏകദേശം 3 ശതമാനം വരെ ഉയരക്കൂടുതലാണ് ഉണ്ടാവുക. ശരാശരി 5 സെന്റീമീറ്റർ വരെയാണ് വർദ്ധനവുണ്ടാവുക. ഇതിന് കാരണവും ബഹിരാകാശത്തെ സാഹചര്യങ്ങളാണ്,
നമ്മുടെ നട്ടെല്ലിലെ ഓരോ ഡിസ്‌കുകളും തരുണാസ്ഥിയാൽ വേർതിരിക്കപ്പെടുന്നു.ശരീരത്തിൽ കാണപ്പെടുന്ന കഠിനവും വഴക്കമുള്ളതുമായ ടിഷ്യൂ,നമ്മൾ ഭൂമിയിലായിരിക്കുമ്പോൾ ഗുരുതാകർഷണബലം നട്ടെല്ലിനെ ഞെരുക്കുന്നു. എന്നാൽ ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റി, തലയണ പോലെയുള്ള തരുണാസ്ഥിക്ക് അതേ കംപ്രഷൻ ഫോഴ്‌സ് അനുഭവപ്പെടില്ല. ഇത് കാരണം നട്ടെല്ല് വികസിക്കുകയും ഉയരം കൂടുകയും ചെയ്യുന്നു. എന്നാൽ ഭൂമിയിലേക്ക് തിരികെ എത്തുമ്പോൾ നട്ടെല്ല് വീണ്ടും പൂർവ്വ അവസ്ഥയിലേക്ക് മാറുന്നു. നടുവേദനയാണ് ഇതിന്റെ പാർശ്വഫലം.
Discussion about this post