കാണ്‍പുര്‍: വാര്‍ദ്ധക്യം ബാധിച്ചവരെ യുവാക്കളാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി ദമ്പതികള്‍. ‘ഇസ്രായേല്‍ നിര്‍മിത ടൈം മെഷീന്‍’ വഴി ഇത് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ 35 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി. കാന്‍പുര്‍ സ്വദേശികളായ രാജീവ് കുമാര്‍ ദുബെയും ഭാര്യ രശ്മി ദുബെയുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു.
റിവൈവല്‍ വേള്‍ഡ് എന്ന പേരില്‍ കാണ്‍പൂരില്‍ ഇവര്‍ ഒരു തെറാപ്പി സെന്റര്‍ തുറന്നിരുന്നു. ഇസ്രായേലില്‍ നിന്ന് കൊണ്ടുവന്ന ഒരു യന്ത്രം ഉപയോഗിച്ച് 60 വയസുകാരനെ 25 വയസുകാരനാക്കി മാറ്റും എന്നായിരുന്നു ദമ്പതികളുടെ അവകാശവാദമെന്നാണ് പോലീസ് പറയുന്നത്. ‘ഓക്‌സിജന്‍ തെറാപ്പി’ വഴി പ്രായമായവരുടെ യുവത്വം വീണ്ടെടുക്കാമെന്ന് അവര്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തു.
അന്തരീക്ഷ മലിനീകരണംമൂലം ആളുകള്‍ അതിവേഗം പ്രായമാകുകയാണെന്നും ‘ഓക്സിജന്‍ തെറാപ്പി’ വഴി മാസങ്ങള്‍ക്കുള്ളില്‍യുവത്വം വീണ്ടെടുക്കാമെന്നും വാഗ്ദാനം നല്‍കിയാണ് ഇരുവരും ആളുകളെ കബളിപ്പിച്ചത്. 10 സെഷനുകള്‍ക്കായി 6,000 രൂപയ്ക്കും മൂന്ന് വര്‍ഷത്തെ റിവാര്‍ഡ് സംവിധാനത്തിന് 90,000 രൂപയുടെ പാക്കേജുകളുമാണ് ദമ്പതികള്‍ വാഗ്ദാനം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.
10.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് തട്ടിപ്പിന് ഇരയായവരില്‍ ഒരാളായ രേണു സിങ് പോലീസില്‍ പരാതി നല്‍കി. നൂറുകണക്കിന് ആളുകളില്‍ നിന്നായി 35 കോടി രൂപ തട്ടിയെടുത്തതായും അവര്‍ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത പോലീസ് ദമ്പതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ വിദേശത്തേക്ക് കടന്നതാണോ എന്നും സംശയമുണ്ട്.
Discussion about this post