ന്യൂഡൽഹി: ഡൽഹിയിൽ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘ഡൽഹിയിൽ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ഈ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി കോൺഗ്രസ് നേതാവാണ്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടാനും ആ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്’- മോദി പറഞ്ഞു.
ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു ഗോഡൗണിൽ നിന്നാണ് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും ഡൽഹി പോലീസ് പിടിച്ചെടുത്തത്. കേസിൽ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇതിൽ പ്രധാന പ്രതി തുഷാർ ഗോയലിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. തുഷാർ ഗോയലുമായുള്ള ബന്ധം കോൺഗ്രസ് നിഷേധിച്ചെങ്കിലും താൻ 2022 വരെ ഡൽഹി പ്രദേശ് കോൺഗ്രസിന്റെ വിവരാവകാശ സെല്ലിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇതോടെ വിവാദങ്ങള്‍ കൂടുതൽ ശക്തമായി.
തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് കഞ്ചാവിന്റെ ഉത്ഭവം എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡൽഹിയിലെയും മറ്റ് മെട്രോപൊളിറ്റൻ നഗരങ്ങളിലെയും കച്ചേരികളിലും റേവ് പാർട്ടികളിലും ഉള്‍പ്പെടെ വൻതോതിൽ മയക്കുമരുന്ന് വിൽക്കാൻ നാല് പ്രതികളും പദ്ധതിയിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post