പാലക്കാട് : വിപണിയിൽ അരിവില കുതിച്ചുയരുമ്പോഴും കേരളത്തിലെ നെൽക്കർഷകർ ദുരിതത്തിലാണ്. സപ്ലൈകോയുടെ നെല്ല് സംഭരണ നടപടികൾ യഥാസമയം നടക്കാത്തതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നെല്ലുൽപാദന മേഖലയായ പാലക്കാട് ഒന്നാം വിള കൊയ്ത്ത് പൂർത്തിയായിട്ടും കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ വലയുകയാണ് കർഷകർ.
നെല്ല് സംഭരണത്തിനുള്ള സപ്ലൈകോ നടപടികൾ ഇഴയുന്നതോടെ ഗത്യന്തരമില്ലാതെ സ്വകാര്യമില്ലുകൾക്ക് കുറഞ്ഞ വിലയിൽ നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. സപ്ലൈകോയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന കാലതാമസം വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. മില്ലുകളുമായി കരാർ ഉണ്ടാക്കുന്നതിൽ സപ്ലൈകോയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് ഇപ്പോൾ കർഷകർക്ക് പ്രഹരമായിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിലെ അപ്രതീക്ഷിത മഴയിലും വലിയ കൃഷിനാശം പാലക്കാട് മേഖലയിൽ ഉണ്ടായിരുന്നു. പല വയലുകളിലും വെള്ളം കെട്ടി നിന്നതോടെ നെൽച്ചെടികളിൽ കീടബാധയും ചീയലും ഉണ്ടായി. അതിനാൽ തന്നെ മുൻവർഷത്തെ അപേക്ഷിച്ച് ഉത്പാദനവും ഇത്തവണ കുറവാണ്. ഇതോടൊപ്പം കൊയ്ത നെല്ല് കുറഞ്ഞ വിലയിൽ സ്വകാര്യമില്ലുകൾക്ക് വിൽക്കേണ്ടി വരുന്നതോടെ കനത്ത നഷ്ടമാണ് നെൽക്കർഷകർ നേരിടേണ്ടിവരുന്നത്.
Discussion about this post