മലപ്പുറം : എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നാളെ. ഒക്ടോബർ 6 ഞായറാഴ്ച മഞ്ചേരിയിൽ വച്ച് പുതിയ പാർട്ടി പ്രഖ്യാപിക്കും എന്ന് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കും പി വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് എന്നാണ് സൂചന.
പി വി അൻവറിന്റെ പുതിയ പാർട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമാകും എന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. രാഷ്ട്രീയ വിവാദങ്ങൾക്കിടെ പി വി അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളെ സന്ദർശിച്ചിരുന്നു. നാളെ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മുന്നണി പ്രവേശന വിവരവും അൻവർ പങ്ക് വയ്ക്കും എന്നാണ് സൂചന.
അതേസമയം മലപ്പുറത്ത് പിവി അൻവറിന് പിന്തുണ അറിയിച്ചുകൊണ്ട് എൻസിപിയിലെ ചില പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു അൻവറിനോടൊപ്പം ചേരാൻ തീരുമാനിച്ചു. മലപ്പുറത്തെ എൻസിപിയുടെ യുവജന വിഭാഗം മുൻ ജില്ല പ്രസിഡന്റ് ഷുഹൈബ് എടവണ്ണ, എൻസിപി ഏറനാട് നിയോജകമണ്ഡലം പ്രസിഡന്റ് പുതിയത്ത് ഇഖ്ലാസ്, സെക്രട്ടറി ഷഹാലുദ്ദീൻ ചെറ്റിശ്ശേരി, സജീർ പിടി എന്നിവരാണ് ഇന്ന് എൻസിപിയിൽ നിന്നും രാജി വച്ചിരിക്കുന്നത്. ഈ നേതാക്കൾ നാളെ അൻവർ പ്രഖ്യാപിക്കുന്ന പുതിയ രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി മാറും എന്നാണ് സൂചന.
Discussion about this post