ചെന്നൈ : ബൈക്ക് അപകടത്തിൽ പെൺ സുഹൃത്ത് മരിച്ചതിന് പിന്നാലെ ബസിന് മുൻപിൽ ചാടി ജീവനൊടുക്കി യുവാവ്. തമിഴ്നാട് ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം നടന്നത്. മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികളായ സബ്രീന, യോഗേശ്വരൻ എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അപകടമുണ്ടാവുകയും പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു.
സബ്രീനയും യോഗേശ്വരനും ചേർന്ന് ബൈക്കിൽ മാമല്ലപുരത്തേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് പുഞ്ചേരി ജംഗ്ഷനിൽ വച്ച് ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സബ്രീന ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
സബ്രീന മരിച്ചതായി മനസ്സിലാക്കിയ ഉടൻതന്നെ യോഗേശ്വരൻ പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന ബസ്സിന് മുൻപിലേക്ക് ചാടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യോഗേശ്വരൻ മരിച്ചു. സംഭവത്തിൽ ഇരു ബസുകളുടെയും ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post