ന്യൂഡൽഹി : ഇന്ത്യ വിരുദ്ധത മാറ്റിവെച്ച് മര്യാദക്കാരനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യ സന്ദർശനത്തിനിടെ ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുയിസുവിന്റെ തുറന്ന് പറച്ചിൽ. ഇന്ത്യക്ക് പ്രശ്നമാകുന്ന തരത്തിലുള്ള ഒന്നും തങ്ങൾ ചെയ്യില്ലെന്നും ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നും തങ്ങളുടെ രാജ്യത്ത് അനുവദിക്കില്ലെന്നും മുയിസു വ്യക്തമാക്കി. ഇന്ത്യവിരുദ്ധത പറഞ്ഞ് തിരഞ്ഞെടുപ്പിൽ ജയിച്ച മുയിസു ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മുട്ടുമടക്കിയത്.
അമൂല്യമായ ബന്ധമാണ് ഇന്ത്യയുമായി ഉള്ളത്. ഏറ്റവും അടുത്ത സുഹൃത്തുമാണ്. ശക്തമായി തന്നെ ബന്ധം തുടരും. ഇന്ത്യക്ക് ഹാനികരമാകുന്ന ഒരു പ്രവൃത്തിയും മാലിദ്വീപിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മാത്രമല്ല ഇന്ത്യക്കെതിരേയുള്ള ഒരു പ്രവർത്തനങ്ങളും മാലിദ്വീപിൽ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തരത്തിലും ഇന്ത്യയെ ബാധിക്കുന്ന രീതിയിൽ മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടാകില്ലെന്നും മുയിസു ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരായതിനാൽ ജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടതായുണ്ട്. ചില തീരുമാനങ്ങൾ അങ്ങനെയാണ് എടുക്കേണ്ടി വന്നത്. പക്ഷേ പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ശക്തമായ സൗഹൃദം തുടരാനാണ് ആഗ്രഹിക്കുന്നത്. പ്രസിഡന്റ് എന്ന നിലയിൽ എടുത്ത ചില തീരുമാനങ്ങൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ മനസ്സിലാക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുയിസു വ്യക്തമാക്കി. മാലിദ്വീപ് എപ്പോഴും ഇന്ത്യയുടെ വിശ്വസ്തരായ സുഹൃദ്രാജ്യമായി തുടരും. ഒരിക്കലും ഇന്ത്യക്ക് ഹാനികരമായ ഒരു പ്രവർത്തനവും മാലിദ്വീപിൽ നിന്ന് ഉണ്ടാകില്ലെന്നും മുയിസു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
ഇന്ത്യ ഔട്ട് ക്യാമ്പെയ്നുമായി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയുടെ ശക്തമായ നയതന്ത്ര തിരിച്ചടിയെ തുടർന്നാണ് നിലപാട് മാറ്റിയത്. മാലിദ്വീപ് ടൂറിസത്തിന് ഇന്ത്യയുടെ സംഭാവന നിർണായകമാണ്. എന്നാൽ മാലിദ്വീപ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. സഹകരണം വെട്ടിക്കുറച്ച ഇന്ത്യ മാലിദ്വീപിനേക്കാൾ ലക്ഷദ്വീപിന് പ്രാധാന്യം നൽകണമെന്ന പ്രചാരണം ശക്തമാക്കി. തുടർന്ന് മാലിദ്വീപ് ടൂറിസത്തിന് വൻ തിരിച്ചടിയും നേരിട്ടു. തുടർന്ന് മോദി വിരുദ്ധ പ്രസ്താവനകൾ നടത്തിയ മന്ത്രിമാരെ മാലിദ്വീപ് പുറത്താക്കി. തുടർന്നാണ് ഇന്ത്യ- മാലിദ്വീപ് ബന്ധം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയത്. പ്രസിഡന്റിന്റെ ഇപ്പോഴത്തെ സന്ദർശനത്തോടെ കൂടുതൽ മഞ്ഞുരുകുമെന്നാണ് മാലിദ്വീപിന്റെ കണക്കുകൂട്ടൽ. എന്നാൽ ജാഗ്രതയോടെ മാത്രമേ ഇനി മാലിദ്വീപുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകൂ എന്നതാണ് ഇന്ത്യയുടെ നിലപാടെന്നാണ് നിരീക്ഷകർ പറയുന്നത്.
Discussion about this post