തിരുവനന്തപുരം : മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമസഭയിൽ നേർക്കുനേർ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ വൻ ബഹളമായതോടെ സഭ പിരിഞ്ഞു. പ്രമേയ ചർച്ച ഇന്ന് നടക്കില്ല.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമർശവും കള്ളക്കടത്ത് പണം ദേശ വിരുദ്ധ പ്രവണതകൾക്ക് ഉപയോഗിക്കുന്നെന്ന പരാമർശവും സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. താൻ പറഞ്ഞത് വളച്ചോടിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നും ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രിയും സഭയിൽ ആവശ്യപ്പെട്ടു. ഇതോടെ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നൽകുകയായിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ അതി രൂക്ഷ ഭാഷയിലാണ് ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിളിച്ചു.അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വിഡി സതീശൻ പറഞ്ഞു. നിങ്ങൾക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
അടിയന്തരപ്രമേയ ചർച്ച നടക്കാതിരിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കമാണ് ഇത്. ചർച്ചയ്ക്ക സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്ന് പി രാജീവ് ഇതിനെതിരെ പ്രതികരിച്ചു.
സർക്കാർ ചെയ്യുന്ന ഓരോ കാര്യങ്ങളും ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ കാണിച്ചുകൊടുക്കും. മുഖ്യമന്ത്രി ആരെയാണ് പേടിപ്പിക്കുന്നത്. ഞങ്ങളെ പേടിപ്പിക്കണ്ട. സ്പീക്കറിന്റെയും സർക്കാരിൻരെയും ഭാഗത്ത് നിന്നുള്ള പെരുമാറ്റം ദൗർഭാഗ്യകരം . വിവാദചോദ്യങ്ങൾ സഭയിൽ എത്താതിരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്ന് സതീശൻ സഭയ്ക്ക് പുറത്ത് വന്ന് പറഞ്ഞു.
Discussion about this post