ലഖ്‌നൗ : മതപരമായ കാര്യങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തി സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാൻ ആരും ശ്രമിക്കേണ്ട എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏതെങ്കിലും മതത്തിലോ വിശ്വാസത്തിലോ ഉള്ള സന്യാസിമാർക്കും പുരോഹിതർക്കും എതിരായ അപകീർത്തികരമായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അതിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് ചീഫ് സെക്രട്ടറി, ഡിജിപി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. എല്ലാ വിഭാഗങ്ങളിലും മതങ്ങളിലും പെട്ട ആളുകൾ പരസ്പരം ബഹുമാനിക്കേണ്ടതുണ്ടെന്നും യോഗി അഭിപ്രായപ്പെട്ടു.
മത വിശ്വാസങ്ങളെ തകർക്കുകയും ദൈവങ്ങളുടെയോ മഹാന്മാരുടെയോ മതവിഭാഗങ്ങളുടെയോ വിശ്വാസത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയാൽ അവരെ നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരുമെന്നും കഠിനമായ ശിക്ഷ ഉറപ്പുവരുത്തും എന്നും യോഗി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം സ്ത്രീ സുരക്ഷ ഉറപ്പാക്കാനും ജാഗ്രത പാലിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post