ഛത്തീസ്ഗഡ് : കമ്യൂണിസ്റ്റ് ഭീകരരെ നേരിടാനുള്ള ഛത്തീസ്ഗഡ് സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. ജനുവരി മുതൽ 194 കമ്യൂണിസ്റ്റ് ഭീകരരെ വധിക്കുകയും 801 പേർ അറസ്റ്റിലാവുകയും 742 പേർ കീഴടങ്ങുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വിജ്ഞാൻ ഭവനിൽ ഇടതുപക്ഷ തീവ്രവാദ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് അമിത് ഷാ ഛത്തീസ്ഗഡ് സർക്കാരിനെ അഭിനന്ദിച്ചത്.
‘മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഡിജിപിയെയും ഛത്തീസ്ഗഢിലെ മുഴുവൻ ടീമിനെയും താൻ അഭിനന്ദിക്കുന്നു. ഛത്തീസ്ഗഡിൽ കൈവരിച്ച പുരോഗതി എല്ലാവർക്കും പ്രചോദനമാണ്. അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരാൻ കമ്യൂണിസ്റ്റ് ഭീകര യുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു ‘ എന്നും അമിത് ഷാ പറഞ്ഞു.
സുരക്ഷാ അനുബന്ധ ചിലവിനായി കമ്യൂണിസ്റ്റ് ഭീകരരുടെ ബാധിത പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പ്രത്യേക കേന്ദ്ര സഹായ പദ്ധതിക്ക് കീഴിൽ കഴിഞ്ഞ വർഷങ്ങളിൽ 3,590 കോടി രൂപ അനുവദിച്ചിരിക്കുന്നത് എന്ന് അമിത് ഷാ പറഞ്ഞു. 2019ന് മുമ്പ് രണ്ട് ഹെലികോപ്റ്ററുകൾ മാത്രമാണ് നമ്മുടെ സൈനികർക്ക് ലഭ്യമായിരുന്നത്. ഇന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബിഎസ്എഫ്) ആറ് ഹെലികോപ്റ്ററുകളും എയർഫോഴ്സിന്റെ ആറ് ഹെലികോപ്റ്ററുകളും നമ്മുടെ സൈനികരെ പിന്തുണയ്ക്കുന്നു. റോഡ് ശൃംഖല 2,900 കിലോമീറ്ററിൽ നിന്ന് 11,500 കിലോമീറ്ററായി വികസിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ ഞങ്ങൾ 544 ഉറപ്പുള്ള പോലീസ് സ്റ്റേഷനുകളും നിർമ്മിച്ചു. കൂടാതെ, 15,300-ലധികം മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്, അവയിൽ 5,139 എണ്ണത്തിന് 4ജി കണക്റ്റിവിറ്റിയുണ്ട് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇന്ത്യയിലുടനീളമുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണം 96 ൽ നിന്ന് 42 ആയി കുറഞ്ഞു. അക്രമം ബാധിച്ച പോലീസ് സ്റ്റേഷനുകളുടെ എണ്ണം 465 ൽ നിന്ന് 171 ആയി കുറഞ്ഞു. ഛത്തീസ്ഗഡിൽ നേടിയ വിജയം എല്ലാവർക്കും മാതൃകയാണ്. 30 വർഷമായി വോട്ട് ചെയ്യാത്ത ഗ്രാമവാസികൾ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പങ്കെടുത്തത് സംസ്ഥാനത്തിന്റെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയെ സഹായിക്കാൻ സിആർപിഎഫിന്റെ ആറ് അധിക ബറ്റാലിയനുകളെ വിന്യസിച്ചു എന്നും അമിത് ഷാ പറഞ്ഞു.
Discussion about this post