തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു വ്യവസായത്തെത്തന്നെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്‍ധിച്ചതോടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യുംകൊടുത്തിരിക്കേണ്ട അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ അന്വേഷണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരുടെ പേര് പുറത്തുവന്നതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഓംപ്രാകാശും സംഘവുമടങ്ങുന്ന പ്രതികള്‍ കൊക്കെയിന്‍ സംഭരിച്ച് ഡി.ജെ പാര്‍ട്ടിയില്‍ വിതരണംചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് പോലീസിന് വിവരം ലഭിക്കുകയും ചെയ്തു.
ചിലയാളുകളുടെ സിനിമകള്‍ക്ക് മാര്‍ക്കറ്റുള്ളതിനാല്‍ സംവിധായകരും നിര്‍മാതാക്കളും മൗനം പാലിക്കുകയാണ്. ലഹരി ഉപയോഗം അറിഞ്ഞിട്ടും ആരും പുറത്തേക്കുവന്ന് ഇത്തരക്കാര്‍ക്കെതിരേ ശബ്ദമുയര്‍ത്താനും പ്രതികരിക്കാനും തയ്യാറാവുന്നില്ല. അവരുടെ മൗനമാണ് ഇത്രയധികം ഇന്‍ഡസ്ട്രിയെ നശിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതെല്ലാം പുറത്തുവരണമെന്ന് ആഗ്രഹിച്ച വിഷയമാണ്. സിനിമാ സംഘടനകള്‍ ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തുകയും ഇടപെടുകയും വേണം. സിനിമയില്‍ ഒരുവിഭാഗം ആളുകള്‍ ഇത്തരം ലഹരികള്‍ ഒരുപാട് ഉപയോഗിക്കുകയും ഇതുകാരണം സിനിമാ മേഖല തന്നെ നാശത്തിന്റെ വക്കിലേക്കെത്തുകയും ചെയ്തിരിക്കുകയാണ്. മുംബൈ സിനിമാ ഇന്‍ഡസ്ട്രി ഇന്ന് വലിയ ലഹരിമാഫിയകളുടെ പിടിയിലാണ്. അതുപോലെയൊരു സംസ്‌കാരം മലയാളം ഇന്‍ഡസ്ട്രിയിലും കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
Discussion about this post