ബ്രസ്സൽസ്: ഭൂമിയിൽ ചന്ദ്രനെ പുനർനിർമ്മിക്കാനുള്ള നീക്കവുമായി യൂറോപ്. യൂറോപ്യൻ സ്‌പേസ് ഏജൻസിയും ജർമ്മൻ എയറോസ്‌പേസ് സെന്ററും ചേർന്നാണ് ഭൂമിയിൽ ചന്ദ്രനെ നിർമ്മിക്കാൻ തയ്യാറെടുക്കുന്നത്. ഇതിനായി ലൂണ ( എൽയുഎൻഎ) ഫെസിലിറ്റിയെ പ്രയോജനപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ തേടുകയാണ് ഗവേഷകർ.
കൊളോംഗിലെ യൂറോപ്യൻ ആസ്ട്രനട്ട് സെന്ററിലാണ് ലുണാർ ഫെസിലിറ്റി ഉള്ളത്. 700 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന ഒഴിഞ്ഞ സ്ഥലമാണ് ഇവിടം. ഇവിടെ അഗ്നിപർവ്വത പാറകൾ കൊണ്ടാണ് ചന്ദ്രനെ നിർമ്മിക്കുന്നത്. ഇതിനായി 900 ടൺ പാറകൾ വേണ്ടിവരുമെന്നാണ് ഗവേഷകരുടെ അനുമാനം. ചന്ദ്രന് സമാനമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന് ഗുരുത്വാകർശഷണം ഇല്ലാതാക്കാൻ ചലിക്കുന്ന സീലീംഗ് മൗണ്ടഡ് ട്രോളികൾ ഉപയോഗിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. ചന്ദ്രന്റെ മറ്റ് സവിശേഷതകളും ഭൂമിയിലെ ചന്ദ്രന് ഉണ്ടാകും.
വാർത്താ സമ്മേളനത്തിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ബഹിരാകാശ യാത്രികൻ ആയ അലക്‌സാണ്ടർ ഗെർസ്റ്റ് ആണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ചന്ദ്രനിൽ ചെന്നാൽ നമുക്ക് അനുഭവപ്പെടുന്ന എല്ലാ കാര്യങ്ങളും അനുഭവപ്പെടുന്ന തരത്തിൽ ആയിരിക്കും ഭൂമിയിലെ ചന്ദ്രന്റെ നിർമ്മാണം. പൊടി, പാറകൾ എന്നിവ കൊണ്ട് ഉപരിതലം നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post