ടെൽ അവീവ്: ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് തലവൻ യഹിയ സിൻവാർ ജീവനോടെയുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ പല വ്യക്തികളുമായും ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിൽ ഒരു തരി പോലും തനിക്ക് പശ്ചാത്താപമില്ലെന്ന് യഹിയ പറഞ്ഞതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. യഹിയ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് കാണാൻ എത്തിയവരോടാണ് ഇയാൾ അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്. നാല് പലസ്തീൻ ഉദ്യോഗസ്ഥരും രണ്ട് മിഡിൽ ഈസ്റ്റ് ഔദ്യോഗിക വക്താക്കളുമാണ് യഹിയയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സായുധ ആക്രമണത്തിലൂടെ മാത്രമേ പലസ്തീൻ എന്ന സ്വതന്ത്രരാഷ്ട്രം സാധ്യമാകൂ യഹിയയുടെ കാഴ്ചപ്പാട് എന്നും ഇവർ പറയുന്നു.
സെപ്തംബർ 21-ന് ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ യഹിയ സിൻവാർ കൊല്ലപ്പെട്ടതായാണ് കരുതിയിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേര്‍ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യഹിയയെ കുറിച്ചും ഈ ആക്രമണത്തിന് ശേഷം വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതാണ് ഇയാൾ കൊല്ലപ്പെട്ടതായി ലോകം മുഴുവന്‍ കണക്കാക്കാന്‍ കാരണവും. എന്നാല്‍, ഈ അനുമാനങ്ങൾ എല്ലാം തെറ്റിച്ചുകൊണ്ടാണ് യഹിയ ജീവിച്ചിരിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹിയ ആയിരുന്നു. ഹമാസിന്റെ അവസാന വാക്ക് ഇപ്പോഴും യഹിയ തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Discussion about this post