മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസും എൻസിപിയും ചേർന്ന് തീരുമാനിക്കുമെന്ന് ഉദ്ധവ് താക്കറെ. ശിവസേന യുബിടി വിഭാഗം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല എന്നും ഉദ്ധവ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ വിജയം ഉറപ്പിക്കുക എന്നുള്ളതാണ് പ്രധാനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന തലത്തിൽ ശിവസേന സംഘടിപ്പിച്ച വജ്ര നിർധർ പരിഷത്ത് പരിപാടിയിൽ വെച്ചാണ് ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. ഭാരതീയ ജനത പാർട്ടി ഭരണഘടന മാറ്റാനാണ് ശ്രമിക്കുന്നത്. ആ അവസരത്തിൽ മഹാരാഷ്ട്രയിൽ വിജയം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം ആണ് ഞങ്ങൾ കണക്കിലെടുക്കുന്നത്. അതിനാൽ തന്നെ ഞങ്ങളുടെ സഖ്യകക്ഷികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ഉദ്ദവ് വ്യക്തമാക്കി.
“മുൻപൊന്നും ഗുജറാത്തിയും മറാത്തിയും തമ്മിൽ ഒരിക്കലും വഴക്കുണ്ടായിട്ടില്ല. എന്നാൽ ഡൽഹിയിൽ ഇരിക്കുന്ന രണ്ട് തെമ്മാടികൾ രാജ്യത്തുടനീളം കലഹം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ബിജെപി ‘സബ്‌കാ സാത് സബ്‌കാ വികാസ്’ എന്ന് മുദ്രാവാക്യം മുഴക്കുകയും ‘സബ്‌കാ സാത്, ദോസ്ത് കാ വികാസ്’ എന്ന രീതിയിൽ പ്രവർത്തിക്കുകയും ആണ് ചെയ്യുന്നത്. അവരുടെ സ്വാർത്ഥത രാജ്യത്തിന് തന്നെ ഹാനികരമാണ്. ശിവസേന ഇപ്പോഴും ഹിന്ദുത്വത്തിനൊപ്പമാണ്. എന്നാൽ ബിജെപിക്കൊപ്പമല്ല. അവർക്കെതിരായി പോരാടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. മഹാരാഷ്ട്രയിലെ ജനങ്ങൾ അതിനായി ഞങ്ങളോടൊപ്പം നിൽക്കും എന്ന് തന്നെയാണ് വിശ്വാസം” എന്നും ഉദ്ധവ് താക്കറെ വിമർശനമുന്നയിച്ചു.
Discussion about this post